
നട തുറന്നിട്ട് ദിവസങ്ങള്‍ മാത്രം, ശബരിമലയുടെ വരുമാനത്തില്‍ വന്‍ വര്‍ധനവ്
പത്തനംതിട്ട: നട തുറന്നിട്ട് വെറും ഒന്‍പത് ദിവസം മാത്രമേ ആയിട്ടുള്ളുവെങ്കിലും വരുമാനത്തില്‍ വലിയ വര്‍ധനവാണ് ശബരിമലയില്‍ ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പിഎസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വരുമാനത്തില്‍ 13,33,79,701 രൂപയുടെ വര്‍ധനയും കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് 3,03,501 തീര്‍ത്ഥാടകരാണ് അധികമായി എത്തിയതെന്നുമാണ് കണക്ക്.
സ്‌പോര്‍ട്ട് ബുക്കിംഗ് വഴി ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കിയിരിക്കുന്നതിനാല്‍ തന്നെ തീര്‍ത്ഥാടകര്‍ എത്രയധികം എത്തിയാലും ദര്‍ശനത്തിന് സൗകര്യമുണ്ടാകും.നേരത്തെ, ശബരിമലയില്‍ ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരില്‍ 20 മുതല്‍ 25 ശതമാനം വരെ എത്താറില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ദര്‍ശനത്തിന് വരുന്നില്ലെങ്കില്‍ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യണമെന്നുള്ള നിര്‍ദേശം മാധ്യമങ്ങളിലൂടെ അടക്കം അറിയിപ്പായി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദശിച്ചു. ശബരിമലയില്‍ കാര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയാണ് ഇത്തവണയും സര്‍ക്കാര്‍ തീര്‍ത്ഥാടകരെ സ്വാഗംതം ചെയ്തത്.