കൊച്ചി : വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കാണ് സംവിധായകൻ രഞ്ജിത്തിന്റെ യാത്ര. ഏറ്റവുമൊടുവിൽ ലൈംഗികാതിക്രമ കേസുകളിൽ കുറ്റാരോപിതനായതോടെ ചലച്ചിത്ര അക്കാദമി ചെർമാൻ സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, രഞ്ജിത്തിനെപ്പറ്റി സംവിധായകൻ ആലപ്പി അഷ്‌റഫ് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്.
“ഇന്നത്തെ അവസ്ഥയ്ക്ക് രഞ്ജിത്ത് അർഹനാണെന്നും രഞ്ജിത്ത് ചെയ്ത തെറ്റുകളും അഹങ്കാരവുമാണ് ഇതിന് കാരണമെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. അഹങ്കാരം തലയ്ക്ക് പിടിച്ച് മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോഴാണ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി രഞ്ജിത്ത് സ്ഥാനമേൽക്കുന്നത്. വരിക്കാശ്ശേരി മനയിലെ തമ്പ്രാനായി പിന്നീട് രഞ്ജിത്ത് മാറി. ഒരു കാലത്ത് വേദികളിലേക്ക് നീണ്ട കൈയടികളോടെ രഞ്ജിത്തിനെ സ്വീകരിക്കാൻ തുടങ്ങിയ മലയാളികൾ പിന്നീട് കൂവിയാണ് അയാളെ വരവേറ്റത് ” – ആലപ്പി അഷ്‌റഫ് പറയുന്നു.
“ചലച്ചിത്ര മേളയിൽ പ്രസംഗിച്ച സമയത്ത് കൂവിയ യുവാക്കളെ അദ്ദേഹം താരതമ്യം ചെയ്തത് തന്റെ വീട്ടിനടുത്തുളള തെരുവ് പട്ടികളോടാണ്. അന്ന് മുതൽ അദ്ദേഹത്തിന് ഓരോ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. പിന്നാലെ അദ്ദേഹത്തിനെതിരെ അക്കാദമിയിൽ ശബ്ദമുയർന്നു. അപ്പോഴേയ്ക്കും രഞ്ജിത്തിന്റെ പേരിൽ പീഡനക്കേസ് വന്നു. അങ്ങനെ സർക്കാരും അദ്ദേഹത്തെ കൈവിട്ടു. ഇതൊക്കെ അനുഭവിക്കാൻ രഞ്ജിത്ത് ബാദ്ധ്യസ്ഥനാണ്. ആറാം തമ്പുരാൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഏതാനും നാളുകൾ ഞാനുണ്ടായിരുന്നു. ഒരു ചെറിയ വേഷവും ഞാനതിൽ ചെയ്തിട്ടുണ്ട്. ഒരിക്കൽ ഒടുവിൽ ഉണ്ണികൃഷ്ണൻ രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് നിന്നിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. ഉടൻ ആ വയോവൃദ്ധന്റെ ചെവിക്കല്ല് നോക്കി ഒറ്റയടി അടിച്ചു” – ആലപ്പി അഷ്‌റഫ് പറയുന്നു.
“ആ അടി കൊണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ കറങ്ങി നിലത്ത് വീണു. നിരവധി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന ആരോഗ്യമില്ലാത്തയാളായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. എല്ലാവരും കൂടി അദ്ദേഹത്തെ പിടിച്ച് എഴുന്നേൽപ്പിച്ചു. നിറ കണ്ണുകളോടെ നിൽക്കുകയാണ് അദ്ദേഹം. ഈ പ്രവൃത്തിയോട് പലരും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും രഞ്ജിത്ത് അതൊന്നും മൈൻഡ് ചെയ്തില്ല. ആ അടിയുടെ ആഘാതത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ മാനസികമായ തകർന്ന് പോയി. പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കളിയും ചിരിയും മാഞ്ഞിരുന്നു. ആകെ മ്ലാനതയിലായിരുന്നു. ആ അടിയോടെ അദ്ദേഹത്തിന്റെ ഹൃദയവും തകർന്നിരുന്നു” – ആലപ്പി അഷ്‌റഫ് പറയുന്നു.