സംസ്ഥാന സർക്കാർ സെക്രട്ടേറിയറ്റിൽ മുൻകൂർ അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. ഓണക്കാല ആഘോഷ പരിപാടികളുടെ ഫോട്ടോയോ ചിത്രമോ എടുക്കുന്നതിനുപോലും ആഭ്യന്തര വകുപ്പിന്റെ അനുമതി വേണമെന്നാണ് പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് കൽപ്പിച്ചിരിക്കുന്നത്. പ്രത്യേക സുരക്ഷാമേഖലയായതിനാലാണ് ഇത്തരമൊരു വിലക്കെന്നാണ് ഉത്തരവിൽ പറയുന്നത്.
മാധ്യമപ്രവർത്തകർക്കുപോലും പ്രവേശിക്കുന്നതിന് കർശന നിബന്ധനകളുള്ള ഇടമാണ് കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്. അവിടെയാണ് ഇപ്പോൾ ജീവനക്കാർക്കുള്ള വിലക്കും ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി മൊബൈൽ ഫോണിൽ സെക്രട്ടേറിയറ്റിന്റെ ഫോട്ടോ ഉണ്ടെങ്കിൽ പോലും പണി കിട്ടുമോ എന്ന ഭയത്തിലാണ് ജീവനക്കാർ.
ഇവിടെ, സിനിമ, സീരിയൽ, ഡോക്യുമെന്ററി ചിത്രീകരണത്തിന് നേരത്തെ തന്നെ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ, ഓണം പോലെയുള്ള ആഘോഷവേളകളിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ ജീവനക്കാർ ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചിട്ടുണ്ട്. ഇതിനാണ് വിലക്ക്. ലംഘിച്ചാൽ നിയമ നടപടികളുണ്ടാകും.
മാധ്യമ പ്രവർത്തകർ പ്രവേശിക്കുന്നത് പോലും കർശനമായി നിയന്ത്രിച്ചിരിക്കുന്ന സെക്രട്ടേറിയറ്റിൽ അടുത്തിടെ ഒരു ഉദ്യോഗസ്ഥയുടെ യാത്രയയപ്പ്, മകൾ ചിത്രീകരിച്ചത് ചർച്ചയായിരുന്നു. ഇത്തരം ചിത്രീകരണങ്ങൾ വിലക്കണമെന്നാവശ്യപ്പെട്ടുള്ള സെക്യൂരിറ്റി ഓഫീസറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അഡീഷണൽ ചീഫ് സെക്രട്ടരി ബിശ്വനാഥ് സിൻഹയുടെ ഉത്തരവ്