ന്യൂഡല്‍ഹി: ഗൗതം അദാനിക്കെതിരെ യുഎസ് ചുമത്തിയ കൈക്കൂലി, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് കുറ്റപത്രം സമര്‍പ്പിച്ചതില്‍ അന്വേഷണം വേണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമന്റെ സ്റ്റോക്ക് വില കൃത്രിമം ആരോപിച്ചാണ് അഭിഭാഷകനായ വിശാല്‍ തിവാരി ഹര്‍ജി സമര്‍പ്പിച്ചത്. നാല് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സൗരോര്‍ജ കരാറുകള്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ക്ക് പകരമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളര്‍ (ഏകദേശം 2,200 കോടി രൂപ) കൈക്കൂലി നല്‍കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണ് അദാനിയെന്ന് യുഎസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു.
യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കമ്പനി എല്ലാ നിയമങ്ങള്‍ക്കും അനുസൃതമാണെന്നും കാട്ടി അദാനി ഗ്രൂപ്പ് കുറ്റം നിഷേധിച്ചിരുന്നു. സാധ്യമായ എല്ലാ നിയമ വഴികളും പിന്തുടരുമെന്നും പ്രതിജ്ഞയെടുത്തു. ഇതിന് പിന്നാലെയാണ് അദാനിക്കെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണെന്നും ഇന്ത്യന്‍ അധികാരികള്‍ അന്വേഷിക്കണമെന്നും തിവാരി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയത്.
സെബി അന്വേഷണത്തിലുള്ള ആരോപണങ്ങളും വിദേശ അധികാരികള്‍ ഉന്നയിക്കുന്ന നിലവിലെ ആരോപണങ്ങളും ബന്ധമുണ്ടാവുകയോ ഇല്ലായിരിക്കുകയോ ചെയ്യാമെന്നും എന്നാല്‍ നിക്ഷേപകര്‍ക്ക് അദാനി ഗ്രൂപ്പിനോടുള്ള ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ സെബിയുടെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.