പാലക്കാട് : പി സരിനെ പരിഹസിച്ച് സിപിഐ നേതാവ് സി ദിവാകരൻ. ഇന്ന് പത്രം വായിക്കുമ്പോൾ ഒരു പാർട്ടി, നാളെ വായിക്കുമ്പോൾ സരിൻ വേറെ പാർട്ടിയായിരിക്കും. സരിനെ പോലുള്ളവരെ താത്പര്യമില്ലെന്ന് സി ദിവാകരൻ പറയുന്നു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” എനിക്ക് സരിനെ കുറിച്ച് ഒന്നും അറിയില്ല. എവിടെ നിന്ന് വന്നു, എവിടെ നിൽക്കുന്നുവെന്നൊന്നും അറിയില്ല. ഇന്ന് ഒരു പാർട്ടിയിൽ, നാളെ മറ്റൊരു പാർട്ടിയിൽ, എവിടെ നിൽക്കുന്നുവെന്ന് അവർക്ക് തന്നെ അറിയില്ല.”- സി ദിവാകരൻ പറയുന്നു.
അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സരിൻ എഫക്ട് ഉണ്ടായിട്ടില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ പരാജയത്തിൽ ആരും സരിനെ വിമർശിക്കാൻ വരേണ്ടെന്ന നിലപാടിലാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലൻ. സരിനെ നല്ല രീതിയിൽ പാർട്ടി പ്രോത്സാഹിപ്പിക്കുമെന്നും എകെ ബാലൻ പറഞ്ഞിരുന്നു. സംഘടന തലത്തിലും പർലമെന്റ് തലത്തിലും ഏറ്റവും നല്ല രാഷ്‌ട്രീയക്കാരനായി സരിൻ മാറും. അദ്ദേഹത്തെ നിരാശപ്പെടുത്താൻ ആരും ശ്രമിക്കേണ്ടയെന്നും എകെ ബാലൻ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സരിനെതിരായുള്ള സി ദിവാകരന്റെ പരിഹാസം.