മുംബൈ: മഹാരാഷ്ട്രയില്‍ നാളെ മഹായൂതി സര്‍ക്കാര്‍ അധികാരമേല്‍ക്കും. സത്യപ്രതിജ്ഞ നാളെ നടന്നേക്കുമെന്ന് ശിവസേനയിലെ ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിലെ മുതിര്‍ന്ന മന്ത്രി ദീപക് കേസര്‍കര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിമാരാകാന്‍ പോകുന്നവരും മാത്രമേ നാളെ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂവെന്നും വൃത്തങ്ങള്‍ അറിയിച്ചു. ദേവേന്ദ്രഫഡ്‌നാവിസോ അതോ ഏകനാഥ് ഷിന്‍ഡെയോ ആരാകും മഹാരാഷ്ട്രയെ ഭരിക്കുന്നതെന്ന് ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല.
ഇനി ആരൊക്കെ മന്ത്രിസഭയില്‍ ചേരുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരുമിച്ച് ഇരുന്ന് ഇത് തീരുമാനിക്കുമെന്നാണ് പാര്‍ട്ടി പറയുന്നത്. മഹാരാഷ്ട്രയില്‍ മിന്നും ജയമായിരുന്നു മഹായൂതി നേടിയത്. ആകെയുള്ള 288 സീറ്റുകളില്‍ 235 എണ്ണവും മഹായുതി തൂത്തുവാരി, 132 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ കക്ഷിയായി.
മുന്‍കാലങ്ങളില്‍ ബിജെപിയെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയ മഹാരാഷ്ട്രയിലെ നേതാക്കള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം തര്‍ക്കമായിരുന്നു. 2019 ല്‍ ഉദ്ധവ് താക്കറെയും ഫഡ്നാവിസും തമ്മിലുള്ള അധികാര തര്‍ക്കത്തെത്തുടര്‍ന്ന് ശിവസേന എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോകാന്‍ വരെ കാരണമായിരുന്നു. എന്നാല്‍ ഇത്തവണ തര്‍ക്കമുണ്ടാകില്ലെന്നാണ് കരുതുന്നത്.