പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജീവനക്കാരും എൽ.ഡി എഫ് സ്ഥാനാർത്ഥി പി. സരിനെ കൈവിട്ടു. ജീവനക്കാരുടെ പോസ്റ്റൽ വോട്ടിലും സരിൻ മൂന്നാം സ്ഥാനത്താണ്. 815 പോസ്റ്റൽ വോട്ടുകളാണ് പാലക്കാട് ഉണ്ടായിരുന്നത്.
ഇതിൽ സരിന് ലഭിച്ചത് വെറും 137 വോട്ട്. രാഹുൽ മാങ്കൂട്ടത്തിനാണ് ഏറ്റവും കൂടുതൽ പോസ്റ്റൽ വോട്ട് കിട്ടിയത്. 337 പോസ്റ്റൽ വോട്ട് രാഹുലിന് കിട്ടി. ബി.ജെ.പി യുടെ സി കൃഷ്ണകുമാറിന് ലഭിച്ചത് 303 പോസ്റ്റൽ വോട്ടും. 4 പോസ്റ്റൽ വോട്ട് നോട്ടയ്ക്കും കിട്ടി. പോസ്റ്റൽ വോട്ടുകളിൽ എന്നും സിപിഎം ആയിരുന്നു മുന്നിൽ.
അതിന് ഒരു മാറ്റം ഉണ്ടായത് 2021 ന് ശേഷമാണ്. ലോക സഭ തെരഞ്ഞെടുപ്പിലും പുതുപ്പള്ളി , തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും പോസ്റ്റൽ വോട്ടിൽ എൽ.ഡി.എഫ് പിന്നിലായി. ജീവനക്കാരുടെ ആനുകൂല്യങ്ങൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിഷേധിച്ചത് പോസ്റ്റൽ വോട്ടിലെ തിരിച്ചടിക്ക് കാരണമായി.
ക്ഷാമബത്ത കുടിശിക 19 ശതമാനമായി. 2021 ലെ അനുവദിച്ച ക്ഷാമബത്തയ്ക്ക് ആകട്ടെ കുടിശികയും നൽകിയില്ല. 78 മാസത്തെ ക്ഷാമബത്ത കുടിശിക ഇങ്ങനെ നഷ്ടപ്പെട്ടു. 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരേണ്ട ശമ്പള പരിഷ്കരണത്തിന് ഇതുവരെ കമ്മീഷനെ പോലും വയ്ക്കാൻ സർക്കാർ തയ്യാറായില്ല. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ കുടിശികയും ഇതുവരെ നൽകിയില്ല. ഇതെല്ലാം പോസ്റ്റൽ വോട്ടിൽ പ്രതിഫലിച്ചു.