വെരി ഡൈനാമിക് സതീശൻ. ഉപതെരഞ്ഞെടുപ്പ് ഫലം വി.ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിൻ്റെ കരുത്ത് വർദ്ധിപ്പിക്കുന്നു. പാലക്കാടിൽ ഷാഫി പറമ്പിൽ നേടിയതിനേക്കാൾ അഞ്ചിരട്ടി ഭൂരിപക്ഷത്തിനാണ് രാഹുൽ മാങ്കൂട്ടം ജയിച്ചത്. ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിൻ്റെ വിലയിരുത്തൽ കൂടിയാകുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ സതീശൻ പറഞ്ഞിരുന്നു. സർക്കാരിൻ്റെ വിലയിരുത്തൽ ആണെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന സതീശൻ്റെ വെല്ലുവിളി സ്വീകരിക്കാതെ പിണറായി മാളത്തിൽ ഒളിച്ചു.
ചേലക്കരയിൽ 2021 ൽ കെ. രാധാകൃഷ്ണൻ ജയിച്ചത് 39, 400 വോട്ടിനായിരുന്നെങ്കിൽ യു.ആർ. പ്രദീപിന് ജയിക്കാനായത് 12 ,201 വോട്ടിനാണ്. ഭൂരിപക്ഷത്തിൽ 2021 ലേക്കാൾ 27, 199 വോട്ടിൻ്റെ കുറവ്. ചിട്ടയായ പ്രവർത്തനം നടത്തി ചേലക്കരയിൽ എൽ.ഡി. എഫിൻ്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ യു.ഡി.എഫിന് കഴിഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഭരണ വിരുദ്ധ വികാരം അതിശക്തം എന്ന് വ്യക്തം.
ചേലക്കരയിൽ ഭരണ വിരുദ്ധ വികാര വോട്ടുകൾ ബി.ജെ.പിക്കും കോൺഗ്രസിനുമായി വിഭജിച്ച് പോയതു കൊണ്ട് മാത്രം എൽ.ഡി.എഫിന് ജയിക്കാൻ സാധിച്ചു. ബി.ജെ.പി സ്ഥാനാർത്ഥിക്ക് 2021 ൽ 24,045 വോട്ടാണ് കിട്ടിയതെങ്കിൽ ഇത്തവണ അത് 33, 354 ആയി ഉയർന്നു. 2021 ൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 44,015 വോട്ടായിരുന്നു ലഭിച്ചത്. ഇത്തവണ രമ്യ ഹരിദാസിന് ലഭിച്ചത് 52, 137 വോട്ട്.
കഴിഞ്ഞ തവണത്തേക്കാൾ 8122 വോട്ട് കൂടുതൽ രമ്യക്ക് ലഭിച്ചു. 1996 മുതൽ സി പി എം ജയിക്കുന്ന ചേലക്കരയിൽ അക്ഷരാർത്ഥത്തിൽ ഉജ്വല പോരാട്ടം ആണ് യു.ഡി.എഫ് നടത്തിയത് എന്ന് കണക്കുകളിൽ നിന്ന് വ്യക്തം. വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ കൃത്യമായ ഇലക്ഷൻ മാനേജ്മെൻ്റാണ് ചേലക്കരയിലും പാലക്കാടും വയനാടും നടന്നത്. അഭിപ്രായ വ്യത്യാസമില്ലാതെ എല്ലാ നേതാക്കളെയും കൂട്ടിയിണക്കാൻ സതീശന് കഴിഞ്ഞു.
ടീം വർക്കിൻ്റെ വിജയം ആണ് ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് സതീശൻ തുറന്ന് പറഞ്ഞു. 2016 ൽ എട്ട് നിലയിൽ പൊട്ടിയ യു.ഡി.എഫ് 2021 ലും തകർന്ന് തരിപ്പണമായതോടെയാണ് വി.ഡി സതീശനെ നേതൃസ്ഥാനത്തേക്ക് കോൺഗ്രസ് കൊണ്ട് വന്നത്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും റെക്കോഡ് വിജയം നേടിയ ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ഇലക്ഷൻ മാനേജ്മെൻ്റിലുള്ള സതീശൻ്റെ കഴിവുകൾ പരക്കെ അംഗീകാരം നേടി. നിയമസഭയിൽ സതീശനെ നേരിടാൻ ആകാതെ മന്ത്രിമാരെ പിണറായി ട്യൂഷന് വിട്ട സംഭവം വരെ ഉണ്ടായി.
ഐ എം ജി യിലെ ജയകുമാർ ഐ എ എസ് ആയിരുന്നു മന്ത്രിമാർക്ക് 3 ദിവസം ട്യൂഷൻ കൊടുത്തത്. ട്യൂഷൻ ക്ലാസിൽ ഇരുന്നെങ്കിലും നിയമസഭയിൽ സതീശൻ്റെ മുന്നിൽ മന്ത്രിമാരും ഹെഡ് മാഷ് പിണറായി വിജയനും അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് പിന്നിട് കാണാൻ കഴിഞ്ഞത്. നിയമസഭയിലെ സാമർത്ഥ്യം തെരഞ്ഞെടുപ്പ് രംഗത്തും സതീശൻ കാണിച്ചതോടെ ലോകസഭയിലും യു.ഡി.എഫ് എൽ.ഡി.എഫിനെ തകർത്തു.
ഉപതെരഞ്ഞെടുപ്പിൽ ചേലക്കര ഭാഗ്യം കൊണ്ട് മാത്രം നില നിർത്താൻ കഴിഞ്ഞത് മാത്രമായി തുടർഭരണത്തിലെ പിണറായിയുടെ ഏക നേട്ടം. മകളുടെ മാസപ്പടിയിൽ ഇമേജ് നഷ്ടപ്പെട്ട പിണറായിക്ക് സതീശനെ മറികടക്കാൻ കഴിയുന്നില്ല. കഴിവുള്ള ഒരു മന്ത്രിയും മന്ത്രിസഭയിൽ ഇല്ലാത്തതും പിണറായിക്ക് തിരിച്ചടി ആയി. മരുമകൻ റിയാസിന് അപ്രമാധിത്വം കിട്ടാൻ മുതിർന്ന സഖാക്കളെ ചവിട്ടിതാഴ്ത്തിയത് പിണറായിക്ക് തന്നെ തിരിച്ചടി ആയി. അനിവാര്യമായ പതനം മാത്രമാണ് പിണറായിയുടെ മുമ്പിൽ ഉള്ളത്.
2025 ഒക്ടോബറിലെ തദ്ദേശ തെരഞ്ഞെടുപ്പ് ആണ് സതീശൻ്റെ മുന്നിലുള്ള അടുത്ത വെല്ലുവിളി. ഇവിടെയും ഉജ്വല വിജയം ആവർത്തിക്കാൻ സതീശന് കഴിഞ്ഞാൽ 2026 ൽ കേരള ഭരണം യു.ഡി.എഫിന് ഉറപ്പാണ്. ടീം വർക്കിൻ്റെ ആശാനാണ് സതീശൻ. കടുത്ത ഫുട്ബോൾ പ്രേമി കൂടിയായ സതീശന് ടീം വർക്കിൻ്റെ പ്രാധാന്യം കൃത്യമായി അറിയാം. നിരന്തരമായ വായനയിലൂടെ ആർജിച്ചെടുത്ത അറിവും കൃത്യമായ ഇലക്ഷൻ സ്ട്രാറ്റജിയും സതീശന് ഉണ്ട്. ഇതൊക്കെയാണ് വി.ഡി സതീശനെ വെരി ഡൈനാമിക് സതീശൻ ആക്കുന്നത്.
തകർന്ന് തരിപ്പണമായ യു.ഡി.എഫിനെ ടീം വർക്കിലൂടെ ഉയിർത്തെഴുന്നേൽപിച്ച സതീശന് 2026 ൽ യു.ഡി. എഫിനെ അധികാരത്തിൽ കൊണ്ട് വരാനും നിഷ്പ്രയാസം കഴിയും. Leaders are not born, They are made . ആ കൂട്ടത്തിൽ പെടുത്താൻ പറ്റിയവരിൽ ഏറ്റവും മുന്നിൽ വി.ഡി സതീശൻ തന്നെ.