പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നില്‍. പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. 1228 ലീഡിലാണ് രാഹുല്‍ നിലവില്‍ മുന്നേറുന്നത്. പാലക്കാട്ട് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു.
എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്കാണ് ബിജെപി വോട്ടുകൾ ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.
പാലക്കാട് രാഹുലിൻ്റെ മുന്നേറ്റം
ചേലക്കരയില്‍ പ്രദീപ് വിജയത്തിലേക്ക്
വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 85553
അതേസമയം, കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷമുണ്ടായ വിധിയെഴുത്ത് മൂന്ന് മുന്നണികൾക്കും നിർണായകമാണ്. ഷാഫി പറമ്പിൽ വെന്നിക്കൊടി പാറിച്ച പാലക്കാട് നിലനിർത്താനുള്ള പോരാട്ടമാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത്. കോൺഗ്രസിനെ ഞെട്ടിച്ച് പാർട്ടി വിട്ട പി സരിന് എൽഡിഎഫ് സ്ഥാനാർത്ഥി എന്ന നിലയിൽ തൻറെ രാഷ്ട്രീയ തീരുമാനം ശരിയാണെന്നും തെളിയിക്കണം.
മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പാണ് എൽഡിഎഫും സിപിഎമ്മും ലക്ഷ്യംവയ്ക്കുന്നത്. മെട്രോമാൻ ഇ ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. കോൺഗ്രസിലേക്ക് സന്ദീപ് വാര്യർ ചുവട് മാറ്റം നടത്തിയതിൻറെ എഫക്ടും മണ്ഡലത്തിലെ വലിയ ചർച്ചയായിരുന്നു.