ഡൽഹി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെണ്ണൽ തുടരുന്നു. ഇരു സ്ഥലങ്ങളിലും ആദ്യ ലാപിൽ എൻഡിഎ ആണ് മുന്നിൽ. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മഹാരാഷ്ട്രിൽ എൻഡിഎ സഖ്യം 101 സീറ്റുകളിൽ മുന്നിലാണ്.
അതേസമയം, എംവിഎ സഖ്യം 70 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ജാർഖണ്ഡിൽ മത്സരം കടുക്കുകയാണ്. 35 സീറ്റിൽ എൻഡിഎ മുന്നേറുമ്പോൾ 29 സീറ്റിൽ ഇൻഡ്യ മുന്നണിയും മുന്നേറുന്നു. എക്സിറ്റ് പോളുകളിൽ മഹാരാഷ്ട്രയിൽ എൻഡിഎ വിജയിക്കുമെന്നായിരുന്നു പ്രവചനം.
ജാർഖണ്ഡിൽ 81 സീറ്റുകളിലാണ് മത്സരം. മുഖ്യമന്ത്രി ഹേമന്ത് സോറനിലാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ. ആദ്യ ഫലസൂചനകൾ പക്ഷേ എൻഡിഎയ്ക്ക് അനുകൂലമാണ്. പ്രമുഖ നേതാക്കളെല്ലാം ആദ്യ ഘട്ടത്തിൽ ലീഡ് നേടി.
മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ, മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബാബുലാൽ മറാൻഡി, മുൻ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ ചംപയ് സോറൻ എന്നിവർ മുന്നിലാണ്. ചംപയ് സോറനിലാണ് എൻഡിഎ മുന്നണിയുടെ പ്രതീക്ഷ. നഗരങ്ങളിലും ചെറുനഗരങ്ങളിലും മുൻതൂക്കം എൻഡിഎയ്ക്കാണ്.