ജയ്പൂര്‍: ബധിരനും മൂകനുമായ 25കാരന് മരണത്തിന് ശേഷം പുനര്‍ജന്മം. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലാണ് മരണപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവാവ് ശവസംസ്‌കാര ചടങ്ങിന് തൊട്ടുമുന്‍പ് കണ്ണ് തുറന്നത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ബധിരനും മൂകനുമായ രോഹിതാഷ് കുമാര്‍ എന്ന 25കാരന്‍ ഒരു അനാഥനായിരുന്നു. അതിനാല്‍ തന്നെ ഒരു ഷെല്‍ട്ടര്‍ ഹോമിലാണ് ഇയാള്‍ താമസിച്ചിരുന്നത്. രോഗാവസ്ഥയിലെത്തിയ ഇദ്ദേഹത്തെ ജുന്‍ജുനുവിലെ ബിഡികെ ആശുപത്രിയിലെത്തിക്കുകയും ചികിത്സ നടത്തുകയുമായിരുന്നു.
ചികിത്സ നല്‍കിയിട്ടും കുമാര്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെ കുമാര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്. പിന്നീട് മൃതദേഹം മോര്‍ച്ചറിയില്‍ വച്ചു. തുടര്‍ന്ന് ശവം സംസ്‌കരിക്കാനായി കൊണ്ടുപോവുകയും മൃതദേഹം ചിതയില്‍ വച്ചപ്പോള്‍ കുമാറിന് ശ്വാസം മുട്ടാന്‍ തുടങ്ങുകയും അയാള്‍ കണ്ണുതുറക്കുകയുമായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ ആരോഗ്യവാനാണ് കുമാറെന്നാണ് വിവരം.
സംഭവത്തില്‍ ജുന്‍ജുനു ജില്ലാ കളക്ടര്‍ രാമാവ്താര്‍ മീണ ഡോ. യോഗേഷ് ജാഖര്‍, ഡോ. നവനീത് മീല്‍, പിഎംഒ ഡോ. സന്ദീപ് പാച്ചാര്‍ എന്നിവരെ വ്യാഴാഴ്ച രാത്രി തന്നെ സസ്‌പെന്‍ഡ് ചെയ്തു. വിഷയം അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മീണ പറഞ്ഞു.