ഡല്‍ഹി: മഹാരാഷ്ട്രയിലെ വോട്ടിന് പണം നല്‍കിയെന്ന ആരോപണമുന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന് ബിജെപി നേതാവ് വിനോദ് താവ്ഡെ. ഇതിനെതിരെ താവ്‌ഡെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. നവംബര്‍ 21 ന് അയച്ച നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ താവ്ഡെയോട് നിരുപാധികം നേതാക്കള്‍ മാപ്പ് പറയണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ വോട്ടിനായി അഞ്ച് കോടി രൂപ വിതരണം ചെയ്തതായി എതിരാളിയായ ബഹുജന്‍ വികാസ് അഘാഡി (ബിവിഎ) ആരോപിച്ചത്. പാല്‍ഘര്‍ ജില്ലയിലെ ഒരു നിയോജക മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തതായി ബിവിഎ നേതാവ് ഹിതേന്ദ്ര താക്കൂര്‍ ആരോപിച്ചു. താവ്ഡെയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ക്ലീന്‍ ചീറ്റാണ് താവ്‌ഡെയ്ക്ക് ലഭിച്ചത്.
താവ്ഡെയുടെ പ്രശസ്തി തകര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ തിടുക്കം കാണിക്കുകയായിരുന്നു, വസ്തുത പരിശോധിക്കാന്‍ അവര്‍ മെനക്കെട്ടില്ലെന്നും അല്ലെങ്കില്‍ മനപൂര്‍വ്വം അപമാനിക്കാന്‍ തുനിഞ്ഞുവെന്നുമാണ് ബിജെപി വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും കേസില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ 100 കോടി രൂപ ആവശ്യപ്പെടുമെന്നും താവ്ഡെ വ്യക്തമാക്കി.