CinemaNewsSocial Media

നസ്രിയയുടെ മികച്ച തിരിച്ചുവരവ് ! നിഗൂഢത നിറഞ്ഞ “സൂക്ഷ്മദർശിനി” ഏറ്റെടുത്ത് പ്രേക്ഷകർ

ആദ്യമായി ബേസിൽ ജോസഫ് – നസ്രിയ കോമ്പൊയിൽ എത്തുന്ന ചിത്രമാണ് സൂക്ഷ്മദർശിനി. ഒരേ വൈബുള്ള രണ്ടുപേർ ഒരുമിച്ചെത്തുന്നതിനാൽ വളരെ ആവേശത്തോടെയാണ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനായും ആരാധകർ കാത്തിരുന്നത്. ഒടുവിൽ ചിത്രം ഇന്ന് റിലീസായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററിൽ നിന്നും ലഭിക്കുന്നത്. സിനിമ കണ്ടവർ ചിത്രത്തെപറ്റിയെഴുതിയ വാക്കുകൾ നൽകുന്ന സൂചന അതാണ്.

“ഹിച്‍കോക്ക് ശൈലിയിലുള്ള നിഗൂഢതയാണ് ചിത്രത്തിലുള്ളത്. മികച്ച പ്രകടനമാണ് നസ്രിയയും ബേസിലും കാഴ്ചവച്ചിരിക്കുന്നത്” എന്നിങ്ങനെയാണ്. അയല്‍വാസികളായ മാനുവല്‍, പ്രിയദര്‍ശിനി എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ ബേസിലും നസ്രിയയും എത്തുന്നത്. മാനുവലിന്‍റെയും പ്രിയദര്‍ശിനിയുടെയും ജീവിതത്തിൽ നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സൂക്ഷ്‍മദര്‍ശിനിയിലൂടെ നസ്രിയയുടെ മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അതേസമയം, ചിത്രത്തിന്റെ ട്രെയ്ലർ മികച്ച അഭിപ്രായമായിരുന്നു നേടിയിരുന്നത്. കൂടാതെ ചിത്രത്തിലെ ‘ദുരൂഹ മന്ദഹാമേ…’ എന്ന പ്രൊമോ ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, ഹെസ്സ മെഹക്ക്, മനോഹരി ജോയ്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, നൗഷാദ് അലി, ജെയിംസ്, അപർണ റാം, അഭിറാം രാധാകൃഷ്‌ണൻ, സരസ്വതി മേനോൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹാപ്പി അവേർസ് എന്‍റര്‍ടെയിന്‍മെന്‍റ്‌സിന്‍റെയും, എവിഎ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, എവി അനൂപ്, ഷൈജു ഖാലിദ് എന്നിവർ ചേര്‍ന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. എംസി ജിതിന്‍റെ കഥയ്ക്ക് അതുൽ രാമചന്ദ്രൻ, ലിബിൻ ടി.ബി എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *