അദാനി ഗ്രൂപ്പിന്റെ ഓഹരികൾ തകർന്നടിയുന്ന കാഴ്‌ചയോടെയാണ് ഇന്നലെ ഇന്ത്യൻ ഓഹരി വിപണി ഉണർന്നത്. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ഒറ്റയടിക്ക് 20 ശതമാനത്തോളം കുറവാണ് അദാനി കമ്പനികൾക്ക് വിപണിയിൽ നേരിടേണ്ടി വന്നത്. യുഎസ് കോടതി അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിക്ക് എതിരെ അഴിമതിക്കുറ്റം ചുമത്തിയെന്ന വാർത്ത കാട്ടുതീ പോലെ പടർന്നതോടെ ഓഹരികൾ താറുമാറായി. മുൻപ് ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിന് പിന്നാലെ നേരിട്ടതിന് സമാനമായ തിരിച്ചടിക്കാണ് അദാനി ഗ്രൂപ്പ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
ആദ്യ മണിക്കൂറുകളിൽ തന്നെ വമ്പൻ ഇടിവ് നേരിട്ടതോടെ കമ്പനിയുടെ വിപണിമൂല്യം കുത്തനെ ഇടിയുകയും ചെയ്‌തു. ഏറ്റവും ഒടുവിൽ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തിൽ 2.6 ലക്ഷം കോടിയുടെ കുറവാണ് ഒറ്റയടിക്ക് വന്നിരിക്കുന്നത്. ഇതൊരു ചെറിയ തുകയല്ല എന്ന കാര്യം പ്രത്യേകം ഓർക്കണം. ഒരു ഘട്ടത്തിൽ അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഓഹരികൾ 23 ശതമാനം ഇടിഞ്ഞ് 2,171.60 രൂപ വരെ എത്തിയിരുന്നു. നിലവിൽ ഇടിവ് 20 ശതമാനത്തിൽ തുടരുകയാണ്.
അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസ് മാത്രമല്ല, തിരിച്ചടി നേരിട്ടവയിൽ മറ്റ് ലിസ്‌റ്റ് ചെയ്‌ത കമ്പനികളുമുണ്ട്. അദാനി ഗ്രീൻ എനർജി 19.17 ശതമാനം, അദാനി ടോട്ടൽ ഗ്യാസ് 18.14 ശതമാനം, അദാനി പവർ 17.79 ശതമാനം, അദാനി പോർട്ട്സ് 15 ശതമാനം എന്നിങ്ങനെ ബിഎസ്ഇയിൽ ലിസ്‌റ്റ് ചെയ്‌ത ഓരോ കമ്പനിയും താരതമ്യേന ഉയർന്ന രീതിയിലുള്ള ഇടിവാണ് രേഖപ്പെടുത്തിയത്.
ഇതിന് പുറമേ അദാനിയുമായി ബന്ധമുള്ള മറ്റ് കമ്പനികളെയും ഇടിവ് സാരമായി ബാധിച്ചു. വിപണിയിൽ ലിസ്‌റ്റ് ചെയ്‌ത 10 അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂലധനം ഇന്ന് 11,91,557.79 കോടി രൂപയായാണ് ഇടിഞ്ഞത്. ഇത് ചൊവ്വാഴ്‌ച 14,24,432.35 ലക്ഷം കോടി രൂപയായിരുന്നു. ആദ്യ സെഷനിൽ തന്നെ നിക്ഷേപകർക്ക് ഏകദേശം ലക്ഷം കോടിയിൽ അധികം രൂപയുടെ നഷ്‌ടമുണ്ടായി എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
എന്താണ് പെട്ടെന്നുള്ള ഇടിവിനെ സ്വാധീനിച്ചത് ?
വിപണിയിൽ മികച്ച പ്രകടനം നടത്തി കൊണ്ടിരുന്ന അദാനി ഗ്രൂപ്പിനെ പിടിച്ചുകുലുക്കി കൊണ്ടാണ് ഇന്നലെ യുഎസ് കോടതി കമ്പനിയുടെ ചെയർമാനായ ഗൗതം അദാനിക്കും മരുമകൻ സാഗർ അദാനിക്കും എതിരെ അഴിമതിക്കുറ്റം ചുമത്തിയത്. ഇത് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നതോടെയാണ് അദാനി ഗ്രൂപ്പിന് വിപണിയിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്.
ന്യൂയോർക്കിലെ ഈസ്‌റ്റേൺ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോർണി ഓഫീസ് ഗൗതം അദാനി, സാഗർ അദാനി, അദാനി ഗ്രീൻ, അസൂർ പവർ എന്നിവക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി എന്നായിരുന്നു റിപ്പോർട്ട്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നിവ ഈ കുറ്റങ്ങൾ ഉൾപ്പെടുന്നു. കൂടാതെ യുഎസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും അദാനിയെ നോട്ടമിട്ടിട്ടുണ്ട്. അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചതിനും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതിനും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) അദാനിക്കെതിരെ കുറ്റം ചുമത്തി എന്നാണ് റിപ്പോർട്ട്. 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണ കരാറുകൾ സ്വന്തമാക്കാൻ 250 മില്യൺ ഡോളറോളം കൈക്കൂലിയായി നൽകിയെന്നാണ് ആരോപണം.