ഐഎഎസുകാരുടെ ക്ഷാമം; വാ‍ട്സപ്പ് ​ഗ്രൂപ്പ് വിവാദത്തിൽ നടപടിയെടുക്കാനാകാതെ തലപുകഞ്ഞ് സർക്കാർ

മതാടിസ്ഥാനത്തിലുള്ള ഐഎഎസ് വാർട്സപ്പ് ​ഗ്രൂപ്പ് വിവാദത്തിൽ നടപടി എളുപ്പമല്ല

ഒരു വാർട്സാപ്പ് ​ഗ്രൂപ്പിൽ തുടങ്ങിയ പ്രശ്നം. സംസ്ഥാനത്തെ ഐഎഎസുമാർക്ക് കിളിപോയ മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഇന്നല്ലെങ്കിൽ നാളെ സസ്പെൻഷൻ എന്ന പേടിയിലാണ് കേരളത്തിലെ മിക്ക ഐഎഎസ് ഉദ്യോ​ഗസ്ഥരും. മതാടിസ്ഥാനത്തിൽ ദീപാവലിക്ക് ഒരു ​ഗ്രൂപ്പുണ്ടാക്കിയതാണ് നിലവിലത്തെ വിവാദ വിഷയം. ഇനി ആരുടെയെല്ലാം ജോലി തെറിക്കും ആരൊക്കെ ഐഎഎസ് തലപ്പത്ത് വാഴുമെന്നത് കണ്ടറിയണം.

കഴി‍ഞ്ഞ ദിവസം കൊൽക്കത്തയിൽ ബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പേര്‌ വെളിപ്പെടുത്തിയ മുൻ പൊലീസ്‌ കമീഷണർ വിനീത്‌ ഗോയലിന്‌ എതിരെ നടപടി എടുക്കണമെന്ന ഹർജി ചർച്ചയായിരുന്നു. ഈ സമയത്ത് ഐഎഎസ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥർക്ക്‌ എതിരെ നടപടികൾ സ്വീകരിക്കേണ്ടത്‌ കേന്ദ്രസർക്കാരാണോ സംസ്ഥാനസർക്കാരുകളാണോയെന്ന ചോദ്യമുയർന്നു.

ഇതിന് മറുപടിയായി ഐഎഎസ്‌, ഐപിഎസ്‌, ഐഎഫ്‌എസ്‌ ഉദ്യോഗസ്ഥർക്ക്‌ എതിരെ സംസ്ഥാന സർക്കാരുകൾക്ക്‌ നടപടി എടുക്കാമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചു. പേഴ്‌സണൽ, ട്രെയിനിങ് മന്ത്രാലയമല്ല നടപടി എടുക്കേണ്ടതെന്നും കൽക്കത്ത ഹൈക്കോടതിയെ അറിയിച്ചു.

ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തരമന്ത്രാലയം ഒക്ടോബർ 24ന്‌ പുറപ്പെടുവിച്ച സർക്കുലർ അഡീഷണൽ സോളിസിറ്റർ ജനറൽ അശോക്‌ കെ ആർ ചക്രബർത്തി ഡിവിഷൻ ബെഞ്ചിന്‌ കൈമാറി. എന്നു വച്ചാൽ കേരളത്തിലും ഇത് ബാധകമാകുമെന്ന്. അങ്ങനെയെങ്കിൽ മതാടിസ്ഥാനത്തിലുള്ള വിവാദം ആളിക്കത്തുമ്പോൾ നിലവിലത്തെ സാഹചര്യത്തിൽ സർക്കാരിന്റെ പ്രിയ്യപ്പെട്ടവരൊഴികെയുള്ള ഉദ്യോ​ഗസ്ഥർക്ക് കസേര തെറിക്കാനുള്ള സാധ്യത മുൻകൂട്ടി കാണുന്നതിൽ തെറ്റില്ല.

അത് മാത്രമല്ല ഐഎഎസുമാരുടെ സസ്പെൻഷൻ എന്നതിൽ കേരള ചരിത്രത്തിൽ പ്രത്യേകമായൊരു ഭാ​ഗം തന്നെയുണ്ടെന്ന് പറയാം. നിലവിൽ സമൂഹമാധ്യമങ്ങളിലെ നിലവിട്ടുള്ള ഇടപെടലുകളുടെ പേരിലാണ് ഐഎഎസ് ഓഫിസർമാരായ കെ.ഗോപാലകൃഷ്ണനും എൻ.പ്രശാന്തും സസ്പെൻഡ് ചെയ്യപ്പെട്ടതെങ്കിൽ, ചീഫ് സെക്രട്ടറിയെ വരെ വിജിലൻസ് കേസിന്റെ പേരിൽ സസ്പെൻഡ് ചെയ്ത ചരിത്രം കേരളത്തിനുണ്ട്. കേരളത്തിൽ ഏറ്റവും അധികം ഐഎഎസ് ഓഫിസർമാർക്കെതിരെ നടപടിയെടുത്ത മുഖ്യമന്ത്രി ഇ.കെ.നായനാരാണ്.

അതേ പോലെ ഒരു സുപ്രധാനപ്പെട്ട കാര്യമെന്തെന്നാൽ കെ.ഗോപാലകൃഷ്ണനും എൻ.പ്രശാന്തും സസ്പെൻഷനിലാകുന്നതിന് തൊട്ട് മുമ്പ് സസ്പെൻഷനിലായ സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥനെ എല്ലാവർക്കും സുപരിചിതനാണ്. എം ശിവശങ്കർ. സ്വർണക്കടത്ത് ആരോപണങ്ങൾ ശക്തമായ സമയത്ത് വിഷയത്തിൽ വേറെ നിവർത്തിയില്ലെന്ന് കണ്ടതോടെ സർക്കാർ ശിവശങ്കറിനെതിരെ തിരിഞ്ഞു. പിന്നീട് ശിവശങ്കറിന് വേണ്ടുന്ന നടപടികൾ എന്ന് തോന്നുന്ന പലകാര്യങ്ങളും സർക്കാർ ഭാ​ഗത്ത് നിന്ന് ഉണ്ടായെങ്കിലും പ്രത്യക്ഷത്തിൽ ശിവശങ്കറിന് അദ്ദേഹത്തിന്റെ കസേര തെറിച്ചു എന്നതിൽ സംശയമില്ല.

അതിനാൽ ഇനി സർക്കാരിന്റെ പ്രിയ്യപ്പെട്ടവരുടെ ലിസ്റ്റിൽ കയറി പറ്റിയിട്ടും പ്രത്യാകിച്ച് ​ഗുണമൊന്നുമുണ്ടാകില്ലെന്ന ഭയത്തിലാണ് കേരളത്തിലെ ചില ഐഎഎസ് ഉദ്യോ​ഗസ്ഥർ എന്നുള്ളതാണ്. എന്തായാലും മതാടിസ്ഥാനത്തിൽ രൂപപ്പെട്ട ഐഎഎസ് ​ഗ്രൂപ്പ് എന്ന വിഷയം നിസാരവൽക്കരിക്കാൻ സാധിക്കുന്ന ഒന്നല്ല. ഒരോരുത്തരെയും സമന്മാരായി കാണമെന്നതാണ് ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥനിൽ പെടുന്ന ധർമ്മത്തിലൊന്ന്.

അവർക്കിടയിൽ തന്നെ ഇത്തരം ജാതിമത വേർതിരിവുകൾ അതും പിഞ്ചുകുഞ്ഞിന് പോലും മനസ്സിലാകുന്ന രീതിയിൽ എന്നത് സംസ്ഥാനത്തിന്റെ അത് വഴി രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തിന് തന്നെ വെല്ലു വിളി ഉയർത്തുന്ന ഒന്നാണ്. അതിനാൽ നിലവിലത്തെ നടപടികൾ കൊണ്ട് മാത്രം അവസാനിക്കുന്ന ഒന്നല്ല കേരളത്തിലെ ഐഎഎസ് തലപ്പത്തെ വാർട്സാപ്പ് ​ഗ്രൂപ്പ് വിവാദം. അത് തന്നെയാണ് ഉദ്യോ​ഗസ്ഥർക്കിടയിൽ പേടി വർദ്ധിക്കുവാനുള്ള കാരണവും.

എന്നാൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി എടുക്കുക എന്നത് കേരള സർക്കാരിനെ കൊണ്ട് അത്ര പെട്ടന്ന് സാധിക്കുന്ന ഒരു കാര്യമല്ലെന്നതും പറയേണ്ടിയിരിക്കുന്നു. കാരണം നിലവിൽ കേരളത്തിൽ ഐഎഎസ് ഉദ്യോ​​ഗസ്ഥ ക്ഷാമം വലിയ രീതിയിൽ സർക്കാരിന് തലവേദനയായി മാറിയിരിക്കുന്ന സമയമാണ്.

വേണ്ടത്ര ഐഎഎസ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ സർക്കാരിന്റെ മിക്ക വകുപ്പുകളുടെയും പ്രവർത്തനം മന്ദഗതിയിൽ. വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്കു നാലും അഞ്ചും വകുപ്പുകളും അല്ലാത്തവർക്ക് കുറച്ചു വകുപ്പുകളും എന്നതാണു സ്ഥിതി. സുപ്രധാന വകുപ്പുകൾ പോലും ശ്രദ്ധിക്കാനാകാതെ ഉദ്യോഗസ്ഥർ വലയുകയാണ്.

231 ഐഎഎസ് ഉദ്യോഗസ്ഥർ വേണ്ടിടത്ത് 126 പേർ മാത്രമാണുള്ളത്. ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥർ കേന്ദ്ര ഡപ്യൂട്ടേഷനിലാണ്. കാര്യങ്ങൾ ഇങ്ങനെയായതിനാൽ നിലവിലുള്ളവരെ സസ്പെൻഡ് ചെയ്യുക എന്നത് സർക്കാരിന് പണിയാകും. അതിനാൽ എന്ത് നടപടിയെന്നത് സർക്കാരിന്റെ തലപുകയ്ക്കും എന്നതാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments