Cinema

മമ്മൂട്ടിയും മോഹൻലാലും മുങ്ങി ; മലയാള സിനിമയെ രക്ഷിക്കാൻ 3 യുവ താരങ്ങൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉണ്ടായ ആരോപണങ്ങളിൽ പ്രതിസന്ധിയിലായിരിക്കുകയാണ് മലയാള സിനിമ ലോകം. നേരിട്ടുള്ള ആരോപണങ്ങൾ ഉയർന്നില്ലെങ്കിലും വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ ഓണ ചിത്രങ്ങൾ നീട്ടിവച്ചിരിക്കുകയാണ്. ഓണ ചിത്രമായി വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്ന മമ്മൂട്ടിയുടെ ബസൂക്ക, മോഹൻലാലിൻ്റെ ബറോസ് എന്നീ ചിത്രങ്ങൾ റിലിസിംഗ് മാറ്റിയിട്ടുണ്ട്. അതേസമയം, ജനം തീയേറ്ററിൽ എത്തുമോയെന്ന ആശങ്ക തീയേറ്റർ ഉടമകൾക്കും ഉണ്ട്. എന്നാല്‍, മമ്മൂട്ടിയും മോഹൻലാലും പേടിച്ച് നിൽക്കുമ്പോൾ ടൊവിനോ തോമസും ആസിഫ് അലിയും ആൻറണി വർഗീസ് പെപ്പെയും ധൈര്യസമേതം മുന്നോട്ട് വന്നത് ഈ പ്രതിസന്ധിയിലും ആശ്വാസം ആയിരിക്കുകയാണ്.

ഓണ റിലിസായി മൂവരുടെയും ചിത്രങ്ങൾ തിയറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന അജയൻ്റെ രണ്ടാം മോഷണം, അസീഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം, ആൻ്റണി വർഗീസ് പെപ്പെയുടെ കൊണ്ടൽ എന്നിവയാണ് ഓണ ചിത്രങ്ങളായി തിയറ്ററുകളില്‍ എത്തുക. ബോളിവുഡിൽ ഹിറ്റുകൾ ഇല്ലാതിരുന്ന 2024 ൽ മലയാള സിനിമ 800 കോടിയലധികം രൂപ ആദ്യ നാല് മാസം കൊണ്ട് വാരിക്കൂട്ടിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ്, ആട് ജീവിതം, പ്രേമലു , ആവേശം, ഭ്രമയുഗം , എബ്രഹാം ഓസ്ലർ , ഗുരുവായൂർ അമ്പല നടയിൽ, വർഷങ്ങൾക്ക് ശേഷം, ടർബോ എന്നീ 2024 ലെ ചിത്രങ്ങൾ പണം വാരിക്കൂട്ടിയിരുന്നു. എന്നാല്‍ മലയാള സിനിമ വ്യവസായം പുത്തൻ ഉണർവ് പ്രകടിപ്പിച്ച സമയത്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതും പിന്നാലെ താരങ്ങളും സിനിമരംഗത്തെ പിന്നണിക്കാരും പ്രതിസന്ധിയിലായതും.

അതിനാല്‍ തന്നെ, പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചിരുന്ന നിർമ്മാതാക്കളും പയ്യെ കളം വിടുകയാണ്. ലോ ബജറ്റ് ചിത്രങ്ങളെയാണ് ഇവരുടെ പിന്മാറ്റം പ്രതിസന്ധിയിലാക്കിയത്. ക്രിക്കറ്റിൽ കോഴ വിവാദം ഉണ്ടായപ്പോൾ പലരും കളി കാണൽ നിർത്തിയതു പോലെ ആളുകള്‍ സിനിമ കാണുന്നത് നിറുത്തുമോ എന്ന ആശങ്കയിലാണ് സിനിമ ലോകം. എന്നാൽ ഇത് താൽക്കാലിക മരവിപ്പാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. കോഴ വിവാദം ഉണ്ടായതിന് പിന്നാലെ ക്രിക്കറ്റിന് മരവിപ്പ് ഉണ്ടായെങ്കിലും പിന്നിട് ധോണിയിലൂടെയും വീരാട് കോഹ്ലിയിലൂടെയും കാണികൾ ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ച് വന്നത് പോലെ സിനിമയും തിരിച്ചു വരും എന്ന പ്രതീക്ഷയാണ് ഇക്കൂട്ടർ പങ്ക് വയ്ക്കുന്നത്.

മമ്മൂട്ടിയും മോഹൻലാലും ധൈര്യ സമേതം മുന്നിട്ടറിങ്ങിയാൽ സിനിമ വ്യവസായം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യും. എന്തു കൊണ്ടെന്നാൽ വർഷങ്ങളായി ഇവരുടെ ചുമലിലാണ് സിനിമ ലോകം. സിനിമ രംഗത്തെ പ്രമുഖർ മോഹൻലാൽ ചിത്രമായ എമ്പുരാനിലൂടെ മലയാള സിനിമ വ്യവസായം തിരിച്ച് വരും എന്ന പ്രതീക്ഷയിലാണ്. ലൂസിഫറിൻ്റെ സെക്കൻ്റ് പാർട്ടാണ് എമ്പുരാൻ. സ്റ്റീഫൻ നെടുംപള്ളി എന്ന കഥാപാത്രം മലയാളികളുടെ എക്കാലത്തെയും മാസ് കഥാപാത്രമാണ്. ലാലിനൊപ്പം മമ്മൂട്ടിയുടെ മാസ് പടങ്ങളും ഇറങ്ങിയാൽ കാണികൾ തീയേറ്ററിൽ തിരിച്ചെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്തായാലും, ആ രീതിയിലുള്ള നീക്കങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന സൂചനകളാണ് പുറത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *