കൊച്ചി: ഭരണഘടനാ വിരുദ്ധ അവഹേളന പ്രസംഗം, മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാന്റെ ഭരണഘടന അവഹേളന പ്രസംഗത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.അന്വേഷണത്തിന് ഡി ജി പിക്ക് ഹൈക്കോടതി നിർദേശം നൽകി. പൊലീസ് റിപ്പോർട്ട് തളളിയ കോടതി പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും ഉത്തരവിട്ടു.
മന്ത്രി ഉപയോഗിച്ചത് അനാദരവുള്ള വാക്കുകളാണ്. എന്ത് സാഹചര്യത്തിലാണ് കുന്തം, കൂടചക്രം എന്നുള്ള വാക്ക് ഉപയോഗിച്ചതെന്ന് പരിശോധിക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണം. പ്രസംഗം കേട്ടവരുടെ മനസ്സിൽ ഭരണഘടനക്കെതിരെ അവമതിപ്പ് ഉണ്ടാക്കിയോ എന്നും അറിയേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രസംഗത്തില്‍ ഭരണഘടന ലംഘനം ഇല്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട് . കേസ് പരിഗണിക്കുന്നതിനിടെ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നു. വിഡിയോയും ശബ്ദസാംപിളും പരിശോധിച്ചില്ലെന്നും തെളിവുകള്‍ പരിശോധിക്കാതെ എങ്ങനെ ഒരു തീര്‍പ്പിലെത്താനാകുമെന്നും ഹൈക്കോടതി ചോദിച്ചു.
ഹർജി നിലനിൽക്കില്ലെന്ന വാദമാണ് സർക്കാര്‍ ഉയര്‍ത്തിയത്. മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിലെ പരാമർശങ്ങളിൽ ഭരണഘടനയോട് അനാദരവ് ഉള്ളതായി തോന്നുന്നുവെന്ന് ഹൈക്കോടതി വാദത്തിനിടെ നേരത്തെ വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. അതേസമയം, ഇപ്പോഴത്തെ ഉത്തരവില്‍ താന്‍ കക്ഷിയല്ലെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. തന്റെ ഭാഗം കൂടി കോടതി കേള്‍ക്കേണ്ടതായിരുന്നു.
ഒരു ധാര്‍മ്മികപ്രശ്നവും ഇല്ലെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. സജി ചെറിയാന്‍ ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. പിന്‍വാതിലിലൂടെ വീണ്ടും മന്ത്രിയാക്കിയ മുഖ്യമന്ത്രിക്കുള്ള മറുപടിയാണ് വിധി. മന്ത്രിയെ തിരിച്ചെടുത്ത മുഖ്യമന്ത്രിയുടെ നിലപാട് തെറ്റെന്ന് തെളിഞ്ഞുവെന്നും വി.ഡി പറഞ്ഞു.