ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് കിരീട നേട്ടം. പാരീസ് ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാക്കളായ ചൈനയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യയുടെ കിരീടം നിലനിർത്തിയത്. മൂന്നാം ക്വാര്‍ട്ടറില്‍ ദീപികയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്.
ഇന്ത്യയുടെ മൂന്നാം കിരീടമാണിത്. 2016ലും 2023-ലും ടീം കിരീടം നേടിയിരുന്നു. ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ദക്ഷിണ കൊറിയയുടെ റെക്കോഡിനൊപ്പവും ഇന്ത്യയെത്തി.
31-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ദീപികയുടെ ഗോള്‍. 11 ഗോളുകളോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായും ദീപിക മാറി. ടൂര്‍ണമെന്റിലെ താരമായതും ദീപിക തന്നെ. കിരീടം നേടിയ ടീം അംഗങ്ങള്‍ക്ക് ഹോക്കി ഇന്ത്യ മൂന്ന് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.