പോളിംഗ് ശതമാനം കുറഞ്ഞാൽ നേട്ടം കോൺഗ്രസിന്

പോളിംഗ് ശതമാനം കുറഞ്ഞിട്ടും പുതുപ്പളളിയിലും തൃക്കാക്കരയിലും യു.ഡി.എഫ് നേടിയത് റെക്കോഡ് വിജയമായിരുന്നു.

രമ്യ ഹരിദാസ്, പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ
രമ്യ ഹരിദാസ്, പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ

കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന വാശിയേറിയ ഉപതെരഞ്ഞെടുപ്പുകൾ അവസാനിച്ചിരിക്കുകയാണ്. വയനാടും ചേലക്കരയും നവംബർ 13 നും പാലക്കാട് കഴിഞ്ഞ ദിവസവുമാണ് ഉപതെരഞ്ഞെടുപ്പുകൾ നടന്നത്. എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ അവസാനിക്കുമ്പോൾ ബിജെപിയും സിപിഎമ്മും ആശങ്കയിലാണ്. കാരണം കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ഇത്തവണ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പാലക്കാട് 2021 ൽ 73.71 ശതമാനമായിരുന്ന പോളിംഗ് ഇത്തവണ 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലധികമാണ് വ്യത്യാസം. അതേസമയം, വയനാട്‌ ഉപതെരഞ്ഞെടുപ്പിൽ 64.72 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 2009ൽ മണ്ഡലം രൂപീകരിച്ചശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിംഗാണിത്. ആദ്യ തെരഞ്ഞെടുപ്പിൽ 74.14 ശതമാനം, 2014ൽ 73.25, 2019ൽ 80.33, 2024 എപ്രിലിൽ -73.57 എന്നിങ്ങനെയായിരുന്നു പോളിംഗ്. കൂടാതെ ചേലക്കരയിൽ 72.77 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇത് ബിജെപിയെയും സിപിഎമ്മിനേയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

അതേസമയം, ചരിത്രം പറയുന്നത് മറിച്ചാണ്. പോളിംഗ് ശതമാനം കുറഞ്ഞാൽ നേട്ടം കോൺഗ്രസിന് തന്നെയാണ്. പോളിംഗ് ശതമാനം കുറഞ്ഞിട്ടും പുതുപ്പളളിയിലും തൃക്കാക്കരയിലും യു.ഡി.എഫ് നേടിയത് റെക്കോഡ് വിജയമായിരുന്നു. പോളിംഗ് ശതമാനം കുറഞ്ഞാൽ യു.ഡി.എഫിനെ ബാധിക്കും എന്ന മാധ്യമ വിശാരദൻമാരുടെ തലയ്ക്കേറ്റ അടിയായിരുന്നു ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. 2021ൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി 9044 വോട്ടിന് ജയിക്കുമ്പോൾ പോളിംഗ് ശതമാനം 77.36 ആയിരുന്നു. 2023 ൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം 72.1 ആയി കുറഞ്ഞു. എന്നിട്ടും ചാണ്ടി ഉമ്മൻ ജയിച്ചത് 37, 719 വോട്ടിന്. ഉമ്മൻ ചാണ്ടി ജയിച്ചതിൻ്റെ നാലിരട്ടി വോട്ടിനായിരുന്നു ചാണ്ടി ഉമ്മൻ്റെ വമ്പൻ വിജയം. തൃക്കാക്കരയിൽ 2021 ൽ പി.റ്റി തോമസ് 14,329 വോട്ടിന് ജയിക്കുമ്പോൾ പോളിംഗ് ശതമാനം 70.36 ആയിരുന്നു. 2022 ൽ തൃക്കാക്കരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 68.75 ആയി കുറഞ്ഞു. എന്നിട്ടും ഉമ തോമസ് ജയിച്ചത് 25016 വോട്ടിൻ്റെ മിന്നുന്ന ഭൂരിപക്ഷത്തിൽ തന്നെയാണ്.

അതിനാൽ പോളിംഗ് ശതമാനം കുറഞ്ഞാൽ നേട്ടം കോൺഗ്രസിന് തന്നെയാണെന്ന് നിസംശയം പറയാം. എന്തായാലും അവസാന നിമിഷം വരെ വിവാദങ്ങൾ പെയ്തിറങ്ങിയ പാലക്കാട്ടെ വിധിയെഴുത്തും കഴിഞ്ഞതോടെ, ഉപതെഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളുടെയും ഫലത്തിൽ ആകാംക്ഷയോടെ ഉറ്റുനോക്കിയിരിക്കുകയാണ് രാഷ്ട്രീയ കേരളം. സിറ്റിംഗ് സീറ്റായ വയനാടും പാലക്കാടും നിലനിറുത്തുന്നതിനൊപ്പം സി.പി.എമ്മിന്റെ ചേലക്കര കൂടി പിടിച്ചെടുക്കാനുള്ള യു.ഡി.എഫിന്റെ കാടിളക്കിയുള്ള പോരാട്ടം എത്ര മാത്രം വിജയം കണ്ടു ?​ മൂന്ന് പതിറ്റാണ്ടായി ചെങ്കൊടിയെ ചേർത്തുപിടിക്കുന്ന ചേലക്കര കൈവിടാതെ നോക്കാനും പാലക്കാട്ടും വെന്നിക്കൊടി പാറിക്കാനും എൽ.ഡി.എഫ് നടത്തിയ പ്രചാരണ തന്ത്രങ്ങൾ സഫലമാവുമോ ? ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തി കേന്ദ്രത്തിൽ തൃശൂർ മോഡൽ വിജയമെന്ന എൻ.ഡി.എയുടെ മോഹം പൂവണിയുമോ ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് ശനിയാഴ്ചത്തെ ഫലത്തിലൂടെ പുറത്തുവരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments