സെക്രട്ടേറിയറ്റിലെ സിസിടിവി അറ്റക്കുറ്റ പണിക്ക് 29.50 ലക്ഷം അനുവദിച്ച് കെ.എൻ. ബാലഗോപാൽ. സെക്രട്ടേറിയറ്റിലെ പ്രധാന കെട്ടിടത്തിൻ്റെയും അനക്‌സ് – 1 ലേയും സിസിറ്റിവി സംവിധാനത്തിൻ്റെ ഈ സാമ്പത്തിക വർഷത്തെ വാർഷിക അറ്റകുറ്റ പണിക്കാണ് 29.50 ലക്ഷം അനുവദിച്ചത്. ധനവകുപ്പ് ഫണ്ട് അനുവദിക്കാൻ അനുമതി നൽകിയതിന് പിന്നാലെ പൊതുഭരണവകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് നവംബർ 18 ന് പുറപ്പെടുവിച്ചു.
സ്വർണ്ണ കടത്ത് വിവാദം പൊട്ടി പുറപ്പെട്ട കാലത്ത് സെക്രട്ടറിയേറ്റിന്റെ സിസിറ്റിവി ക്ക് തകരാർ സംഭവിച്ചത് വിവാദമായിരുന്നു.സ്വപ്‌ന സുരേഷിന്റെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കുള്ള സന്ദർശനം പുറത്ത് വരാതിരിക്കാനാണ് സിസിറ്റിവി തകരാറിലാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു ഇതിന് ശേഷമാണ് 1.9 കോടി രൂപ ചെലവിൽ സെക്രട്ടേറിയറ്റ് അനക്‌സ് ബ്ലോക്കിന് സുരക്ഷയൊരുക്കാൻ 100 സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.
അകലത്തിലുള്ള കാഴ്ചകൾ പോലും വ്യക്തതയോടെ നിരീക്ഷിക്കാൻ സാധിക്കുന്ന രണ്ട് 30എക്‌സ് ക്യാമറകളും 22 ബുള്ളറ്റ് ക്യാമറകളും ഉൾപ്പെടെ ഉള്ളവയാണ് സ്ഥാപിച്ചത്. രണ്ട് പ്രധാന കവാടങ്ങൾ ഉൾപ്പെടെ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ക്യാമറയുടെ പരിധിയിൽ വരുന്ന രീതിയിലാണ് സിസിടിവികൾ ക്രമീകരിച്ചിരിക്കുന്നത്. അനക്‌സ് ബ്ലോക്കിലെ എല്ലാ ഓഫിസുകളുടെയും പുറം ഭാഗത്തെ കാഴ്ചകൾ സിസിടിവി വഴി നിരീക്ഷിക്കാമെന്നാണ് സർക്കാർ വാദം.