ഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ ജോലിക്കാരുടെ ജോലി സമയം കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചു. ഓഫീസുകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെയും 10 മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കാമെന്ന് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കനുസരിച്ച് വ്യാഴാഴ്ച രാവിലെ 9 മണിയോടെ ദേശീയ തലസ്ഥാനത്ത് എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 376 രേഖപ്പെടുത്തിയിരുന്നു. നവംബര്‍ 18-ന് സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സര്‍വീസ് മലിനീകരണത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് വര്‍ക്ക് ഫ്രം ഹോം, ജോലി സമയം കുറയ്ക്കല്‍, എല്ലാ ഓഫീസ് കെട്ടിടങ്ങളിലും എയര്‍ പ്യൂരിഫയറുകള്‍ എന്നിവയും ആവശ്യപ്പെട്ടിരുന്നു.
ജീവനക്കാരുടെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, കണ്ണുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ക്ഷീണം, പൊതു അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ മോശം വായുവിന്റെ ഗുണനിലവാരം ജോലിസ്ഥലത്തെ ഉല്‍പ്പാദനക്ഷമതയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ സിഎസ്എസ് ഫോറം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സമയമാറ്റം.