CinemaNews

ഹേമ കമ്മിറ്റി റിപ്പോർട്ട്: 34 കേസുകളും അവസാനിപ്പിച്ചു

കൊച്ചി: മലയാള സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം (SIT). ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ അതിജീവിതർ, പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകാൻ സഹകരിച്ചില്ലെന്നും, ഈ സാഹചര്യത്തിലാണ് 34 കേസുകളിലെയും നടപടികൾ അവസാനിപ്പിക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

മൊഴി നൽകാൻ ആരെയും നിർബന്ധിക്കേണ്ടതില്ലെന്ന് ഹൈക്കോടതിയും ആവർത്തിച്ച് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിച്ചെങ്കിലും, സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പരാതികൾ സ്വീകരിക്കുന്നതിനുള്ള നോഡൽ ഏജൻസിയായി പ്രത്യേക അന്വേഷണ സംഘം തുടർന്നും പ്രവർത്തിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർക്ക് എസ്‌ഐടിക്ക് മുന്നിലും മൊഴി നൽകാൻ ആവശ്യമായ എല്ലാ സഹായവും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ആരും അന്വേഷണവുമായി സഹകരിക്കാൻ മുന്നോട്ട് വന്നില്ല. ഇതേത്തുടർന്നാണ് കേസുകളിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിർമ്മിക്കുന്ന പുതിയ നിയമം, നിലവിലുള്ള തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്ന നിയമത്തിന് സമാനമാകരുതെന്നും കോടതി നിരീക്ഷിച്ചു. സിനിമാ മേഖലയുടെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് കൂടുതൽ ശക്തവും വ്യക്തവുമായ നിയമമാണ് ആവശ്യം. പുതിയ നിയമം നിലവിൽ വരുന്നതുവരെ, കോടതി നേരത്തെ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഈ വിഷയത്തിൽ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.