ശിവകാർത്തികേയൻ ചിത്രം അമരൻ തിയറ്ററിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. എന്നാൽ ഈ ചിത്രം കാരണം ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത് ചെന്നൈയിലെ ഒരു വിദ്യാർത്ഥിയാണ്. സിനിമയിൽ സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രമായ ഇന്ദു റെബേക്ക വർഗീസിന്റേതായി കാണിക്കുന്ന ഫോൺ നമ്പറിന്റെ യഥാർത്ഥ അവകാശിയാണ് പുലിവാല് പിടിച്ചിരിക്കുന്നത്. എൻജിനീയറിങ് വിദ്യാർഥിയായ വാഗീശൻ ആണ് പെട്ടുപോയിരിക്കുന്നത്.
സമാധാനം നഷ്ടമായതോടെ അനുവാദമില്ലാതെ തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ‘അമരൻ’ സിനിമയുടെ നിർമാതാക്കൾക്കെതിരെ വാഗീശൻ വക്കീൽ നോട്ടിസ് അയച്ചിരിക്കുകയാണ്. “ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണം. ആധാറും ബാങ്ക് അക്കൗണ്ടുകളുമായും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ പറയുന്നു. ആദ്യം പ്രശ്നപരിഹാരത്തിനായി സംവിധായകനെയും ശിവകാർത്തികേയനെയും ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് വാഗീശൻ പങ്കുവച്ചിരുന്നു. എന്നാൽ അതിലൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് നിയമപരമായി മുന്നോട്ടുപോകാൻ വാഗീശൻ തീരുമാനിച്ചത്.
സിനിമയിൽ സായ് പല്ലവി തന്റെ മൊബൈല്‍ നമ്പര്‍ എഴുതിയ പേപ്പര്‍ ചുരുട്ടി നായകനായ ശിവകാര്‍ത്തികേയന് എറിഞ്ഞുകൊടുക്കുന്ന ഒരു രംഗമുണ്ട്. നമ്പറിലെ പത്തക്കത്തില്‍ ഒന്ന് വായിക്കാനാകുന്നില്ലെങ്കിലും നമ്പർ തന്റേതാണെന്നാണ് വാഗീശന്‍ അവകാശപ്പെടുന്നത്. അതേസമയം, ഇന്ത്യയില്‍നിന്ന് മാത്രമല്ല വിദേശത്തുനിന്നും വാഗീശന് കോളുകളെത്തുന്നുണ്ട്. ഇതിന് പുറമെ സന്ദേശങ്ങളും വോയ്‌സ് മെസേജുകളും. ഇതിനിടയിൽ വാഗീശന്റെ നമ്പര്‍ ആരോ വാഗീശന്‍ ഇന്ദു റെബേക്ക വര്‍ഗീസ് വി.വി. എന്ന് ട്രൂ കോളറില്‍ സേവ് ചെയ്തു. അതോടെ വീണ്ടും വിളികള്‍ കൂടുകയായിരുന്നു. അതേസമയം, മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ഥ ഭാര്യ ഇന്ദുവിന്റെ നമ്പര്‍ ആണെന്ന് കരുതി വിളിക്കുന്നവരുമുണ്ട്.