പി. കെ. ശശിക്ക് പകരം പി.സരിൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തോറ്റാലും പി. സരിനെ കൈവിടില്ലെന്ന് ഉറപ്പ് നൽകി സി.പി.എം. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ട് പോരാട്ടം നടത്തുന്ന പാലക്കാട് സി പി എം 2016 മുതൽ മൂന്നാം സ്ഥാനത്താണ്.
ഇത്തവണ സ്വന്തം ചിഹ്നം പോലും സി. പി എമ്മിന് ഇല്ല. അതു കൊണ്ട് തന്നെ കഴിഞ്ഞ സി പി എം സ്ഥാനാർത്ഥി ആയിരുന്ന സി.പി പ്രമോദിന് കിട്ടിയ 36,433 വോട്ട് പോലും പി. സരിന് ലഭിക്കില്ല. ഇതെല്ലാം സരിനും അറിയാം. നാണം കെട്ട തോൽവി ആയാലും സരിന് ഒരു കസേര പിണറായി ഭരണത്തിൻ്റെ ശിഷ്ടകാലം കൊടുക്കും.
കോൺഗ്രസിൽ നിന്ന് പുറത്ത് ചാടിയ കെ.പി. അനിൽകുമാർ, രതികുമാർ, ലതിക സുഭാഷ് , പി.എസ് പ്രശാന്ത് എന്നിവർക്ക് കസേര കൊടുത്തത് പോലെ സരിനും കസേര കിട്ടും എന്ന് പിണറായി ഉറപ്പ് നൽകിയിട്ടുണ്ട്. കെ.റ്റി. ഡി.സി ചെയർമാൻ പി.കെ. ശശിയുടെ കസേര സരിന് ലഭിക്കും എന്നാണ് സൂചന.
പാലക്കാട് വോട്ട് പിടിക്കാൻ വരാതെ ശശി ടൂറിസം പ്രൊമോഷൻ്റെ ഭാഗമായി വിദേശ പര്യടനത്തിലാണ്. ബ്രിട്ടൻ , ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് പി.കെ. ശശി. പാർട്ടി നടപടികൾ നേരിട്ട പി.കെ. ശശിയുടെ കസേര ഏത് നിമിഷവും തെറിക്കും. ശശിയുടെ കസേര തെറിപ്പിക്കാൻ എം.വി ഗോവിന്ദൻ മുന്നിൽ തന്നെയുണ്ട്. അതുകൊണ്ട് തന്നെ ശശിക്ക് പകരം സരിനെ നിയമിക്കുന്നതിനോട് എം.വി ഗോവിന്ദന് എതിർപ്പും ഇല്ല.
നാണം കെട്ട തോൽവി നേരിട്ടാലും ഭരണത്തിൻ്റെ അവസാന നാളുകളിൽ സർക്കാർ ചെലവിൽ വിദേശ രാജ്യങ്ങൾ സന്ദർശിച്ച് പി. സരിന് കാലം കഴിക്കാം. 2026 ൽ കഴിഞ്ഞ തവണ തോറ്റ ഒറ്റപ്പാലത്തെ സീറ്റും സരിൻ നോട്ടം ഇട്ടിട്ടുണ്ട്. സി പി എം സിറ്റിങ് സീറ്റായ ഒറ്റപ്പാലത്ത് നിന്നാൽ എം എൽ എ ആകാം എന്ന കണക്ക് കൂട്ടലിലാണ് സരിൻ. അതുവരെ ഒരു കസേര വേണം. ആ ഉറപ്പ് പിണറായി നൽകിയിട്ടുമുണ്ട്. 2026 ലെ ഒറ്റപ്പാലം സീറ്റിൽ സരിൻ ജയിക്കുമോ എന്ന കാത്തിരുന്ന് കാണേണ്ടി വരും.