തിരുവനന്തപുരം : ശമ്പളമില്ലാ അവധിയിൽ പോകുന്ന സർക്കാർ ജീവനക്കാർ മെഡിസെപ് പ്രീമിയം മുൻകൂർ അടയ്ക്കണം. എന്നാൽ അവധി റദ്ദാക്കി തിരിച്ച് ജോലിയിൽ പ്രവേശിച്ചാൽ അന്ന് മുതൽ മെഡിസെപ് മാസ പ്രീമിയം തവണ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും.
ഈ സാഹചര്യത്തിൽ പ്രീമിയം നേരിട്ട് ചലാൻ മുഖേന ട്രഷറിൽ അടയ്ക്കുന്നവർ ചലാൻ ഡി.ഡി.മാർക്ക് കൈമാറുമ്പോൾ തിരിച്ച് ജോലിയിൽ പ്രവേശിക്കുകയാണെങ്കിൽ അടച്ച തുകയിൽ പ്രീമിയം തവണയുടെ തുക കിഴിച്ച് ബാക്കി റീഫണ്ട് ചെയ്യാനുള്ള ഓപ്ഷൻ കൂടി ഉൾപ്പെടുത്തണമെന്ന് കാട്ടി ധനവകുപ്പ് സർക്കുലർ പുറത്തിറക്കി. ഇതുസംബന്ധിച്ച പരാതികൾ ഒഴിവാക്കുന്നതിനാണിത്. റീഫണ്ട് ഓപ്ഷൻ ഇല്ലാതെ മെഡിസെപ് പ്രീമിയം മുൻകൂർ അടച്ചാൽ പിന്നീട് ജോലിയിൽ തിരിച്ച് പ്രവേശിക്കുന്ന സാഹചര്യത്തിൽ ശമ്പളത്തിൽ നിന്ന് മെഡിസെപ് പ്രീമിയം പിടിക്കുന്നത് ഒഴിവാക്കാൻ സ്പാർക്ക് സോഫ്റ്റ് വെയറിൽ സംവിധാനമില്ലാത്തതിനാലാണിത്.