
ബിഗ് “എം” വീണ്ടുമൊന്നിക്കുന്നു ; ശ്രീലങ്കയിൽ ഷൂട്ടിങ്ങിന് തുടക്കം
ശ്രീലങ്ക : 11 വർഷത്തെ ഇളവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കയിലാണ് നടക്കുന്നത്. മോഹൻലാൽ ദീപം തെളിയിച്ചാണ് ഷൂട്ടിങ് ആരംഭിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താര നിര തന്നെയുണ്ട്.

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങി നിരവധി താരങ്ങളാണ് മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. കഴിഞ്ഞ ദിവസമാണ് മഹേഷ് നാരായൺ ചിത്രത്തിനായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കൊളംബോയിൽ എത്തിയത്. മോഹൻലാൽ രണ്ടുദിവസം മുൻപുതന്നെ എത്തിയിരുന്നു.

കൊച്ചിയിൽ നിന്ന് മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, ജോർജ്, ആന്റണി പെരുമ്പാവൂർ എന്നിവരും കൊളംബോയ്ക്കു വിമാനം കയറിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും താമസിക്കുന്നതും ഒരേ ഹോട്ടലിലാണെന്നാണ് വിവരം. 11 വർഷത്തിനു ശേഷമാണു ഇരുവരും ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്നത്. കടൽ കടന്നൊരു മാത്തുക്കുട്ടിയിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ശ്രീലങ്ക, യുകെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിങ്ങനെ വിശാലമാണ് പുതിയ ചിത്രത്തിന്റെ ഷെഡ്യൂൾ. കരൺ ജോഹർ ചിത്രങ്ങളുടെ ക്യാമറാമാനായ മാനുഷാണ് ഛായാഗ്രാഹകൻ.