ഒരു സിനിമ വിജയിക്കുന്നതും ആ സിനിമയിൽ അഭിനയിച്ചവരെ ആരാധനയോടെ കാണുതുമെല്ലാം സ്വഭാവികമായി സംഭവിക്കുന്നതാണ്. ഒരു നല്ല ക്രൂ എത്രമാത്രം അതിന് വേണ്ടി പ്രയത്നിച്ചാലും ആ സിനിമ വിജയിക്കണോ വേണ്ടയോ എന്ന് തീരുമനിക്കേണ്ടുന്നത് പ്രേക്ഷകർ ആണ്.
അതിനാൽ തന്നെ സെലിബ്രട്ടികൾ അവരുടെ ആസൗകാര്യം മറന്ന് ആരാധകർക്ക് വേണ്ടുന്ന സമയം കണ്ടെത്താറുണ്ട്. എന്നാൽ ഇത്തരക്കാർക്കിടയിൽ നിന്ന് വ്യത്യസ്തമാണ് നടി കരീന കപൂർ എന്നു തോന്നുന്ന ഒരു സ്റ്റേറ്റ്മെന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആരാധകരെ വളരെ മോശം രീതിയിലാണ് കരീന കപൂർ കൈകാര്യം ചെയ്തത് എന്ന് പറഞ്ഞിരിക്കുന്നതാകട്ടെ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും. അടുത്തിടെ വിമാന യാത്രയ്ക്കിടെ ആരാധകരെ അവഗണിച്ചതിന് ബോളിവുഡ് നടി കരീന കപൂറിനോട് തനിക്ക് നീരസം തോന്നി എന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ ബോളിവുഡിൽ ചർച്ചയായിരിക്കുന്നത്.
നാരായണ മൂർത്തി പറഞ്ഞത് ഇതാണ് “ഞാൻ ലണ്ടനിൽ നിന്ന് വരികയായിരുന്നു, എൻറെ തൊട്ടടുത്ത് കരീന കപൂർ ഇരുന്നിരുന്നു. ഒരുപാട് പേർ കരീനയുടെ അടുത്ത് വന്ന് ഹലോ പറഞ്ഞു. എന്നാൽ കരീന പ്രതികരിക്കാൻ പോലും കൂട്ടാക്കിയില്ല “ആരെങ്കിലും വാത്സല്യവും സ്നേഹവും അടുപ്പവും കാണിക്കുമ്പോൾ, നിങ്ങൾക്കും അത് തിരികെ കാണിക്കാൻ കഴിയണം എന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഇതെല്ലാം നിങ്ങളുടെ ഈഗോ കുറയ്ക്കാനുള്ള വഴിയാണ്” നാരായണ മൂർത്തി കൂട്ടിച്ചേർത്തു.
നാരായണ മൂർത്തിയുടെ ഈ അഭിപ്രായ പ്രകടനത്തോടെ സെലിബ്രിറ്റികളിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത് എന്ത് എന്നത് സംബന്ധിചുള്ള ചർച്ചകളാണ് സജീവമാകുന്നത് . ചിലർ വിനയത്തെയും മര്യാദയെയും കുറിച്ചുള്ള മൂർത്തിയുടെ വീക്ഷണത്തെ പിന്തുണച്ചപ്പോൾ മറ്റുചിലർ സെലിബ്രിറ്റികൾക്ക് സ്വകാര്യതയുണ്ടെന്നും എല്ലായ്‌പ്പോഴും ആരാധകരുമായി ഇടപഴകാൻ ബാധ്യസ്ഥരല്ലെന്നും വാദിക്കുന്നു.
അതേസമയം കരീന കപൂർ ഇതുവരെ നാരായണ മൂർത്തിയുടെ ഈ അഭിപ്രായങ്ങളോട് പ്രതികരിച്ചിട്ടില്ല.
2000 മുതൽ ഹിന്ദി സിനിമയിൽ തുടങ്ങിയ സിനിമാ ജീവിതമാണ് കരീന കപൂറിന്റേത്. റൊമാൻ്റിക് കോമഡികൾ മുതൽ ക്രൈം ഡ്രാമകൾ വരെയുള്ള നിരവധി ചലച്ചിത്ര വിഭാഗങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് അവർ . ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ കപൂർ നേടിയിട്ടുണ്ട്.
2024 ലെ കണക്കനുസരിച്ച് ഹിന്ദി സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. കരീന കപൂർ നായികയായി അവസാനം പുറത്തുവന്ന ചിത്രം ദ ബക്കിംഗ്ഹാം മർഡേഴ്‍സാണ്. 14 കോടി രൂപയെ ചിത്രത്തിന് ബോക്സോഫീസിൽ വലിയ കളക്ഷൻ ഒന്നും ഉണ്ടായില്ലെങ്കിലും ഒടിടിയിൽ നല്ല കളക്ഷൻ ലഭിച്ചു എന്നാണ് റിപ്പോർട്ട്.