സമസ്ത മതസൗഹാർദത്തിന് ഊന്നൽ നൽകുന്ന സംഘടന; ജിഫ്രി തങ്ങളെ കണ്ട് തങ്ങള്‍ക്ക് ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് കൈമാറി സന്ദീപ് വാര്യര്‍

മലപ്പുറം: ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി സന്ദീപ് വാര്യര്‍. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ അദ്ദേഹത്തിന്റെ മലപ്പുറം കഴിശ്ശേരിയിലെ വീട്ടിൽ എത്തിയാണ് സന്ദീപ് വാര്യര്‍ കണ്ടത്. നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചക്കുശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു.

അത്തരമൊരു സംഘടനയ്ക്ക് നേതൃത്വം നൽകുന്ന വലിയൊരു മനുഷ്യനാണ് ജിഫ്രി തങ്ങള്‍. ഏറെക്കാലമായി അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെ കാണാനും സ്നേഹം അനുഭവിക്കാനുമായത് ഭാഗ്യമായി കാണുന്നു. സമസ്തയുടെ സംഭാവനകള്‍ കേരളത്തിന്‍റെ ചരിത്രത്തിൽ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുന്നതാണ്. അതുകൊണ്ട് ആ ഒരു ആദരവ് കൂടിയാണ് ഇവിടെ എത്തി നൽകിയത്. അദ്ദേഹത്തിന്‍റെ അനുഗ്രഹം തന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകമാകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

കോണ്‍ഗ്രസ് സന്ദീപ് വാര്യരെ സ്വീകരിച്ചുവെന്നും അത്തരത്തിൽ സ്വീകരിക്കേണ്ടത് തന്നെയായിരുന്നുവെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത മതസൗഹാർദത്തിന് ഊന്നൽ നൽകുന്ന സംഘടനയാണ്. ഇവിടെ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയത വളര്‍ത്തുന്നതിനെ സമസ്ത പങ്കുവഹിച്ചിട്ടില്ല. അത്രയധികം തുറന്ന പുസ്തകമാണ് സമസ്തയുടെ ചരിത്രം.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിക്കുന്ന നയങ്ങളാണ് സമസ്ത സ്വീകരിച്ചുവരുന്നത്. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന എല്ലാ മാര്‍ഗങ്ങളും സമസ്ത പിന്തുടരും. അതിന്‍റെ ഭാഗമായാണ് സന്ദീപ് വാര്യര്‍ തന്നെയും സാദിഖലി തങ്ങളെയും കണ്ടത്.

ഇന്ത്യാ രാജ്യത്ത് അവര്‍ക്ക് ഇഷ്ടപെടുന്ന ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിലും ചേരം. മുമ്പ് സന്ദീപ് വാര്യര്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് മാറാനുള്ള തീരുമാനവും അദ്ദേഹം എടുത്തതാണ്. അങ്ങനെ കോണ്‍ഗ്രസ് സന്ദീപ് വാര്യരെ സ്വീകരിച്ചു. അത് സ്വീകരിക്കേണ്ടതാണ്. ബിജെപിയിലായിരുന്നപ്പോഴും തന്നെ കാണാൻ വരണമെന്ന് വിചാരിച്ചിരുന്നുവെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.

പി സരിന് വോട്ട് തേടികൊണ്ട് സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം പത്ര പരസ്യം നൽകിയതിന്‍റെ വിവാദത്തിനിടെയാണ് സമസ്ത അധ്യക്ഷനുമായുള്ള സന്ദീപ് വാര്യരുടെ കൂടിക്കാഴ്ച. പത്രത്തിൽ ആര് പരസ്യം കൊടുത്താലും സ്വീകരിക്കുന്ന കാര്യമാണെന്നും അതില്‍ കൂടുതലൊന്നും പറയാനില്ലെന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments