ന്യൂഡല്‍ഹി: വോട്ടെടുപ്പ് അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു തുടങ്ങി. മഹാരാഷ്ട്രയും ജാര്‍ഖണ്ഡുമാണ് ഏവരും ഉറ്റുനോക്കുന്ന സംസ്ഥാനങ്ങള്‍. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷികളും വിജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) ഉള്‍പ്പെടുന്ന സഖ്യം വിജയിക്കുമെന്നും ചില എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നുണ്ട്. 81 സീറ്റുകളുള്ള അസംബ്ലിയില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 42-47 സീറ്റുകളും മഹാഗത്ബന്ധന് (മഹാസഖ്യം) 25-30 സീറ്റുകളും നേടുമെന്ന് മാട്രിസിന്റെ എക്സിറ്റ് പോള്‍ പ്രവചനം.
പീപ്പിള്‍സ് പള്‍സ് പറയുന്നത് എന്‍ഡിഎ 44-53 സീറ്റുകള്‍ നേടുമെന്നും ഇന്ത്യ ബ്ലോക്കിന് 25-37 സീറ്റുകള്‍ നേടുമെന്നുമാണ്. ടൈംസ് നൗ എന്‍ഡിഎയ്ക്ക് 40-44 സീറ്റുകളും മഹാസഖ്യത്തിന് 30-40 സീറ്റുകളും പ്രവചിച്ചിട്ടുണ്ട്. ബിജെപി 68 സീറ്റുകളിലും ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എജെഎസ്യു) 10 സീറ്റുകളിലും ജനതാദള്‍ (യുണൈറ്റഡ്) 2 സീറ്റുകളിലും ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) 1 സീറ്റിലുമാണ് മത്സരിച്ചത്.
അവരുടെ എതിരാളികളായ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) 41 സീറ്റുകളിലും കോണ്‍ഗ്രസ് 30 സീറ്റുകളിലും രാഷ്ട്രീയ ജനതാദള്‍ 6 സീറ്റുകളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) 4 സീറ്റുകളിലും മത്സരിച്ചിരുന്നു. നവംബര്‍ 23നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.