തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച കേസിൽ ബിജെപിക്കും, സുരേഷ്‌ഗോപിക്കും, പോലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കൊച്ചിൻ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ബിജെപി നേതാക്കൾ പൂരം കലക്കി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചുവെന്ന പരാമർശങ്ങളുള്ളത്. എങ്ങനെയൊക്കെയാണ് പൂരം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പോലീസും, ബിജെപിയും, സുരേഷ് ഗോപിയും നടത്തിയതെന്ന് വിശദമായി തന്നെയാണ് സത്യവാങ്മൂലത്തിലുള്ളത്.
മേൽശാന്തി അടക്കമുള്ള ജീവനക്കാരെ ക്ഷേത്രത്തിനകത്ത് കടക്കുന്നത് പോലീസ് തടയുകയും, ഹൈ കോടതി വിധിക്ക് വിപരീതമായി ചെരുപ്പ് ധരിച്ച് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുകയും ചെയ്തു എന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് സത്യവാങ്മൂലത്തിൽ ഉള്ളത്
തൃശ്ശൂർ ലോക്‌സഭ നിയോജക മണ്ഡലം ബി.ജെ.പി. സ്ഥാനാർത്ഥി സുരേഷ്‌ഗോപി പരസ്യമായി ഈ പ്രശ്‌നത്തിൽ ഇടപെടുകയും, സമ്പൂർണ ട്രാഫിക് നിരോധിത മേഖലയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ സ്വരാജ് റൗണ്ടിൽ സേവാഭാരതിയുടെ ആംബുലൻസിൽ നിയമം ലംഘിച്ച് വന്നിറങ്ങുകയും പൂരം നിർത്തി വെയ്പ്പിക്കുന്നതിന് പ്രകോപിപ്പിക്കുന്ന തരത്തിലും തന്റെ തിരഞ്ഞെടുപ്പ് താൽപര്യങ്ങൾക്ക് സഹായകരമാകുന്ന വിധത്തിലും ഇടപെടാൻ ശ്രമിക്കുകയും പൂരം കാണാൻ എത്തിയ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുവാനും ചാനലുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പൂരം അലങ്കോലമായതായി പ്രചരിപ്പിക്കുകയും താനിടപ്പെട്ട് പൂരം പ്രതിസന്ധി പരിഹരിച്ചെന്ന അസത്യവാർത്തകൾ വരെ നൽകുകയുണ്ടായെന്നും കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
‘ക്ഷേത്രത്തിലെ മേൽശാന്തി അടക്കമുള്ള ജീവനക്കാരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നത് പോലീസ് തടയുകയും, ചെരുപ്പ് ധരിച്ച് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുകയും ചെയ്തിട്ടുള്ളതാണ്. പാദരക്ഷകൾ ധരിച്ച് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കരുതെന്ന ബഹു.ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിനുപുറത്ത് അറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കുകയും, ചെരുപ്പ് സൂക്ഷിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു എങ്കിലും പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ചെരുപ്പ് ധരിച്ചാണ് ക്ഷേത്രത്തിലേക്ക് പ്രവേശിച്ചതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പോലീസിന്റെ അമിതമായ ഇടപെടൽ എങ്ങിനെയാണ് പൂരം അലങ്കോലമാക്കിയത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ‘പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലിനെ കുറിച്ച് വ്യാപകമായ ആക്ഷേപം ഉയർന്നു വന്നിട്ടുണ്ട്. ബാരിക്കേഡുകൾ കെട്ടുന്നതിനും, താൽക്കാലിക പവലിയനുകൾ നിർമ്മിക്കുന്നതിനും, കാഴ്ചക്കാരുടെ, പൊതുജനങ്ങളുടെ ദൂരപരിധി തീരുമാനിക്കുന്നതിലും, ആന എഴുന്നള്ളിപ്പിനുള്ള ദൂരപരിധി പാലിക്കുന്നതിനും, വെടിക്കെട്ടിന്റെ നടത്തിപ്പിൽ അനാവശ്യമായി ഇടപ്പെട്ടതിനും, ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് പ്രവേശിച്ചതും എല്ലാം പോലീസിന്റെ നേർക്ക് വലിയ വിമർശനം ഉയർന്നിട്ടുണ്ടെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പറയുന്നു.
പൂരം കലക്കിയതിലെ ബി ജെ പിയുടെ ഗൂഢാലോചന റിപ്പോർട്ടിൽ നിന്നും വ്യക്തമാകുകയാണ്. ‘തിരുവമ്പാടി ദേവസ്വവുമായോ യാതൊരുവിധ ബന്ധമില്ലാത്തവരെ കൊണ്ടു വന്ന് ചർച്ചയിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുകയും, ബാഹ്യമായ ഇടപെടലുകളിലൂടെ തെരഞ്ഞെടുപ്പിൽ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്തുനിന്നും ഉണ്ടായി എന്ന സംശയം ഉയർന്നിട്ടുണ്ട്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് അനീഷ്‌കുമാർ, ബി.ജെ.പി. നേതാവ് അഡ്വ. ബി.ഗോപാലകൃഷ്ണൻ, കണ്ണൂരിൽ നിന്നുമുള്ള സംഘപരിവാർ പ്രവർത്തകൻ വൽസൻ തില്ലങ്കേരി എന്നിവരുടെ സാന്നിധ്യം ഈ സംശയം ബലപ്പെടുത്തുന്നതാണ്.
രാത്രി ചെറുപൂരങ്ങൾ ആരംഭിച്ചതു മുതൽ പോലീസ് അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചടങ്ങുകൾ വെട്ടിച്ചുരുക്കാൻ പ്രേരിപ്പിച്ചു എന്നും ആക്ഷേപമുണ്ട്. ‘എന്നാൽ രാത്രി ചെറുപൂരങ്ങൾ ആരംഭിച്ചതു മുതൽ പോലീസ് നിയന്ത്രണം കടുപ്പിക്കുകയും എഴുന്നള്ളിപ്പുകൾ നടത്താനായി ഭാരവാഹികളെയും, പൂരം കാണാനായി എത്തിയ പൊതുജനങ്ങളെയും വടം കെട്ടി അനവസരങ്ങളിൽ തടഞ്ഞത് വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കി. അതിനെ തുടർന്ന് നടന്ന തിരുവമ്പാടിയുടെ മഠത്തിൽ വരവ് എഴുന്നള്ളിപ്പിൽ അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്നാരോപിച്ച് രാത്രി പൂരം ചടങ്ങു മാത്രമായി ചുരുക്കുകയും, തിരുവമ്പാടി ക്ഷേത്രം ഭാരവാഹികൾ തങ്ങളുടെ അലങ്കാര പന്തലുകളിലെ ലൈറ്റ് ഓഫ് ചെയ്യുകയും വെടിക്കെട്ട് നടത്തുന്നില്ല എന്ന നിലപാടിലെത്തുകയും ചെയ്തുവെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.