വാഷിങ്ടൺ: യുഎസിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സാധ്യത. അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുക ലക്ഷ്യമിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്.
ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരെയും ശിക്ഷിക്കപ്പെട്ടവരെയും ആദ്യം പുറത്താക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഏകദേശം 4,25,000 പേരാണ് ആദ്യ ഘട്ടത്തിൽ നാടുകടത്തപ്പെടുക. കൂട്ട നാടുകടത്തലിലൂടെ ആകെ 10 മില്യണിലധികം പേരെ പുറത്താക്കിയേക്കും. ഇവരിലധികവും കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ്.
ദേശീയ സുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷിതത്വത്തിനും വേണ്ടിയാണ് നടപടിയെന്ന് വിശദീകരണം. ഏകദേശം 300 ബില്യൺ മുതൽ ഒരു ട്രില്യൺ ഡോളർ വരെ ഇതിനായി ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. മുൻ ഇമിഗ്രേഷൻ ആൻറ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻറ് ആക്ടിംഗ് ചീഫ് ടോം ഹോമൻറെ നേതൃത്വത്തിലാണ് നടപ്പാക്കുക. അധികാരമേൽക്കുന്ന ആദ്യ ദിനം തന്നെ സൈന്യത്തെ ഉപയോഗിച്ച് പുറത്താക്കൽ നടപടികൾ തുടങ്ങാനാണ് നീക്കം.
ഭീമമായ ചെലവും സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകി. അതേസമയം കാലിഫോർണിയ, ഇല്ലിനോയിസ്, മസാച്യുസെറ്റ്സ് തുടങ്ങിയ സ്ഥലങ്ങളിലെ ഡെമോക്രാറ്റ് ഗവർണർമാർ ട്രംപ് ഭരണകൂടത്തിൻറെ കൂട്ട നാടുകടത്തൽ പദ്ധതിയെ ചെറുക്കുമെന്ന് വ്യക്തമാക്കി. നിർമ്മാണം, കൃഷി, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ലിബറലുകൾ നിരീക്ഷിക്കുന്നു.