വിശാഖപട്ടണത്ത് കടൽ 200 മീറ്റർ ഉൾവലിഞ്ഞുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം കടലിൽ ശക്തമായ തിരമാലകൾ രൂപപെട്ടതായി ആളുകൾ പറയുന്നു. ഇതിന് പിന്നാലെയാണ് കടൽ 200 മീറ്റർ ഉൾവലിഞ്ഞിരിക്കുന്നത്. സുനാമിക്കുള്ള മുന്നറിയിപ്പാണോ നൽകുന്നതെന്നാണ് ഉയർന്നുവരുന്ന സംശയം. 200 മീറ്റർ ഉൾവലിഞ്ഞ കടൽത്തീരത്ത് കല്ലുകൾ ഒഴുകി നടക്കുന്നത് കാണുവാൻ സാധിക്കും.
അതേസമയം അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റമാകാം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ചീഫ് സയൻ്റിസ്റ്റ് വിവിഎസ്എസ് ശർമ പറയുന്നത്. കടലിൽ മാറ്റങ്ങളുണ്ടാകുമ്പോൾ സന്ദർശകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കാർത്തിക പൗർണ്ണമി കഴിഞ്ഞപ്പോഴും കടൽ ഇത്തരത്തിൽ ഉൾവലിഞ്ഞിരുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇത്തരം സാഹചര്യങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും പൗർണ്ണമിയിലും അമാവാസിയിലും ഇത് സാധാരണമാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.