പാലക്കാട്: ഷാഫി പറമ്പിൽ രാഹുലിന് വേണ്ടി ഓടി നടന്നിട്ട് ഒരു കാര്യവുമില്ല, ആദ്യം കുത്തുക രാഹുൽ തന്നെ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിൽ എംപിക്കെതിരെയും വിമർശനമുന്നയിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാൽ.
തന്റെ അമ്മയെ അപമാനിച്ചതിൽ രാഹുൽ ഇനിയും മാപ്പ് പറയാൻ തയ്യാറായിട്ടില്ലെന്നും പത്മജ പറഞ്ഞു. ഈ അഹങ്കാരിയായ ആളെയാണോ പാലക്കാട് എംഎൽഎയായി വേണ്ടത്? തന്റെ അമ്മയ്ക്കെതിരെ പറഞ്ഞപ്പോൾ മുതിർന്ന നേതാക്കൾ ഒന്നും പറഞ്ഞില്ല. പക്ഷെ രമേശ് ചെന്നിത്തല മാത്രം കോൺഗ്രസുകാരുടെ അമ്മയാണെന്ന് പറഞ്ഞു. തന്റെ അമ്മയ്ക്ക് പാർട്ടിയും ജാതിയും മതവും ഒന്നും ഉണ്ടായിരുന്നില്ലെന്നും ഷാഫി എത്ര ഓടിനടന്നാലും രാഹുൽ കുത്തുമെന്നും പത്മജ കൂട്ടിച്ചേർത്തു.
അതേ സമയം സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെയും പത്മജ തള്ളി. സന്ദീപ് വാര്യരെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന് ഷാഫി എന്ത് വൃത്തികേടാണ് ചെയ്തതെന്ന് പത്മജ ചോദിച്ചു. മുസ്ലിം ലീഗിനെയും നേതാക്കളെയുമടക്കം ചീത്ത വിളിച്ചയാളെയാണ് കോൺഗ്രസിലേക്ക് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ഒരു ദിവസം കൊണ്ട് എല്ലാം മറക്കാൻ കഴിഞ്ഞോ എന്നും സന്ദീപ് വാര്യർക്ക് എസ്‌കോർട്ട് പോകാനാണോ എംഎൽഎമാരും എംപിമാരും എന്നും പത്മജ ചോദിച്ചു.