
15 വർഷത്തെ പ്രണയത്തിനൊടുവിൽ കീർത്തി സുരേഷിന് വിവാഹം ; വരൻ ആന്റണി തട്ടിൽ
തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷ് വിവാഹിതയാകുന്നു. കാമുകൻ ആന്റണി തട്ടിലാണ് വരൻ. ഡിസംബർ 11, 12 തീയതികളിലാണ് വിവാഹം നടക്കുന്നത്. 15 വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
കീർത്തി സുരേഷ് ആന്റണിയെ പരിചയപ്പെടുന്നത് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ്. കീർത്തി സുരേഷ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ ആന്റണി അന്ന് കോളേജിൽ പഠിക്കുകയാണ്. 15 വർഷത്തോളമായി പ്രണയത്തിലായിരുന്നുവെങ്കിലും ഈ വിവരം മാധ്യമങ്ങൾ അറിയാതിരിക്കാൻ ഇരുവരും ഏറെ ശ്രദ്ധിച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ഉടൻ തന്നെ കീർത്തിയുടെ കുടുംബം ഔദ്യോഗികമായി അറിയിക്കും. അതേസമയം, താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ താരം പങ്കുവച്ചിരുന്നില്ല.
നിർമാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയ മകളാണ് കീർത്തി സുരേഷ്. മലയാള ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് കീർത്തി അഭിനയ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. തമിഴകത്തേക്ക് അരങ്ങേറ്റം കുറിച്ചതോടെയാണ് കീർത്തി സുരേഷിന്റെ തലവര മാറിയത്. കൂടാതെ തെലുങ്കിൽ ചെയ്ത മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സുരേഷ് സ്വന്തമാക്കിയിരുന്നു.