മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. താരം പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ അതിവേഗം വൈറലാകുകയാണ്. മലയാളത്തിന്റെ ബിഗ് എംസിനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്. കൂടാതെ ഒരു മഹേഷ് നാരായണൻ ചിത്രം എന്നും പോസ്റ്റിലുണ്ട്.
മോഹൻലാലിന്റെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ചിരിക്കുന്ന മമ്മൂട്ടിയാണ് ഒരു ചിത്രത്തിലുള്ളത്. ഇരുവർക്കുമൊപ്പം ചിലവിടുന്ന കുഞ്ചാക്കോ ബോബനെയാണ് മറ്റ് രണ്ട് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. കഴിഞ്ഞ ദിവസമാണ് മഹേഷ് നാരായൺ ചിത്രത്തിനായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കൊളംബോയിൽ എത്തിയത്. മോഹൻലാൽ രണ്ടുദിവസം മുൻപുതന്നെ എത്തിയിരുന്നു.
കൊച്ചിയിൽ നിന്ന് മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, ജോർജ്, ആന്റണി പെരുമ്പാവൂർ എന്നിവരും കൊളംബോയ്ക്കു വിമാനം കയറിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും താമസിക്കുന്നതും ഒരേ ഹോട്ടലിലാണെന്നാണ് വിവരം. 11 വർഷത്തിനു ശേഷമാണു ഇരുവരും ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്നത്. കടന്നൊരു മാത്തുക്കുട്ടിയിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ശ്രീലങ്ക, യുകെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിങ്ങനെ വിശാലമാണ് പുതിയ ചിത്രത്തിന്റെ ഷെഡ്യൂൾ. കരൺ ജോഹർ ചിത്രങ്ങളുടെ ക്യാമറാമാനായ മാനുഷാണ് ഛായാഗ്രാഹകൻ.