കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവീസിൽ (Kerala Administrative Service) നിലവിൽ 5 ഒഴിവുകൾ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്യത്ര സേവനം, അവധി എന്നിവ മൂലമാണ് 5 ഒഴിവുകൾ ഉണ്ടായത്. ഈ ഒഴിവുകൾ താൽക്കാലികമായതിനാൽ നിയമന നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 104 ഉദ്യോഗസ്ഥരെയാണ് കെ എ എസ് തസ്തികയിൽ നിയമിച്ചത്. 26 വകുപ്പുകളിലായിരുന്നു ഇവർക്ക് നിയമനം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കെഎഎസിന് കീഴിലുള്ള ഒഴിവുകളിലേക്കുള്ള നിയമനം സംബന്ധിച്ച പ്രാഥമിക പിഎസ്സി വിജ്ഞാപനം അഞ്ച് വർഷം പിന്നിട്ടിട്ടും പുറപ്പെടുവിച്ചിട്ടില്ല. ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യപ്പെടാത്തതാണ് കാരണം.
രണ്ട് വർഷത്തിലൊരിക്കൽ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് ചട്ടം. എന്നാൽ 2019 ൽ ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം പിന്നീടുണ്ടായിട്ടില്ല. ഒന്നാം റാങ്ക് ലിസ്റ്റിൽ നിന്ന് മൊത്തം 108 ഉദ്യോഗാർത്ഥികളെ നിയമനത്തിനായി ശുപാർശ ചെയ്തു.
സർവീസ് സംഘടനകളുടെ സമ്മർദമാണ് വിജ്ഞാപനം വൈകാൻ പ്രധാന കാരണമെന്നാണ് കരുതുന്നത്. ഈ വർഷം വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കിൽ, പ്രായപരിധി വ്യവസ്ഥകൾ കവിയുന്ന ഗണ്യമായ എണ്ണം ഉദ്യോഗാർത്ഥികൾക്ക് കെഎഎസിൽ ചേരാനുള്ള അവസരം നഷ്ടപ്പെടും.