ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കേസിന്മേൽ ഇഡിക്ക് ഗൗരവമില്ല, വീണ്ടും വീണ്ടും ഇഡി സാവകാശം തേടുകയാണെന്നും കോടതി പറഞ്ഞു. ASG യ്ക്ക് ഹാജരാക്കാൻ അസൗകര്യം ഉണ്ടെന്നാണ് ഇഡി അറിയിച്ചത്. വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ഹർജിയിൽ ഇ.ഡി വാദത്തിന് തയാറാകാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
ഹർജിക്കാരന് കേസിൽ താൽപര്യമില്ലെന്നായിരുന്നു കോടതിയുടെ വിമർശനം. ആറാഴ്ചത്തേക്ക് കേസ് മാറ്റണമെന്ന ആവിശ്യം കോടതി അംഗീകരിച്ചു. കഴിഞ്ഞ തവണയും ഹർജി പരിഗണിച്ച കോടതി വാദം മാറ്റണമെന്ന ഇഡി ആവശ്യത്തിൽ വിമർശനം ഉന്നയിച്ചിരുന്നു.അടുത്ത തവണ ഹർജി പരിഗണിക്കുമ്പോഴും ഇതേ ആവിശ്യം ഉന്നയിക്കില്ലേ എന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
അതേ സമയം 2022 ഒക്ടോബർ 1 നാണ് ഇ.ഡിയുടെ നീക്കത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. യു എ ഇ കോൺസുലേറ്റിലേക്ക് വന്ന ബാഗേജിൽ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തതാണ് വിവാദമായ സ്വർണ്ണ കടത്ത് കേസിൻ്റെ തുടക്കം.
എറണാകുളത്തെ മജിസ്ട്രേറ്റ് കോടതിയിൽ സെക്ഷൻ 164 പ്രകാരം സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതിനെ തുടർന്നാണ് കേസ് നാടകീയമായ വഴിത്തിരിവായത്. മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. യുഎഇ കോൺസുലേറ്റിൽ നിന്ന് പല തവണ ബിരിയാണി പാത്രങ്ങൾ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടു പോയി എന്നും സ്വപ്ന പറഞ്ഞു.
സ്വപ്നയുടെ മൊഴി മുദ്ര വച്ച കവറിൽ സുപ്രീം കോടതിക്ക് കൈമാറാൻ തയ്യാറാണെന്ന് ട്രാൻസ്ഫർ ഹർജിയിൽ ഇ.ഡി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള ഗുരുതര ആരോപണങ്ങൾ സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നു.
അതേ സമയം സ്വർണ്ണ കടത്ത് കേസിൻ്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തിനെതിരെ സുപ്രീം കോടതിയിൽ കേരളത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ ഒരു സിറ്റിംഗിന് വാങ്ങുന്നത് 15.50 ലക്ഷം രൂപയാണ്. ഈ കേസിൽ സുപ്രീം കോടതിയിൽ ഹാജരായതിന് കപിൽ സിബലിന് ലക്ഷങ്ങളാണ് നൽകുന്നതെന്നെ മലയാളം മീഡിയ പുറത്ത് വിട്ട റിപ്പോർട്ടും ശ്രദ്ധേയമാണ്.