CinemaNationalNews

ഉറങ്ങാതെ കഴിക്കാതെ ജയിലിൽ നിസ്സഹകരിച്ച് നടി കസ്തൂരി

ചെന്നൈ : തെലുങ്കർക്കെതിരായ പരാമർശത്തിൽ അറസ്റ്റിലായ നടി കസ്തൂരി ജയിലിൽ നിസ്സഹകരിക്കുന്നതായി പരാതി. രാത്രി ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയുമാണ് നടി ജയിലിൽ കഴിയുന്നത്. ഒറ്റയ്ക്ക് ഒരു സെല്ലിൽ കഴിയുന്ന കസ്തൂരി കഴിഞ്ഞ ദിവസം പ്രഭാത ഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണം ഒഴിവാക്കിയിരുന്നു.

ഇതിനിടയിൽ ജാമ്യാപേക്ഷ കസ്തൂരി മേൽക്കോടതിയ്ക്ക് സമർപ്പിച്ചു. ചെന്നൈ എഗ്മൂർ കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. കുട്ടിയെ നോക്കാൻ വീട്ടിൽ മറ്റാരുമില്ലെന്നും പരാമർശത്തിൽ മാപ്പ് പറഞ്ഞെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. ഈ മാസം 29 വരെ കസ്തൂരിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കസ്തൂരി നിലവിൽ ചെന്നൈ പുഴൽ ജയിലിലാണ് കഴിയുന്നത്. ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടി കസ്തൂരിയെ ശനിയാഴ്ച വൈകിട്ട് പ്രത്യേക പൊലീസ് സംഘം പിടികൂടുകയായിരുന്നു.

300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം. പരാമർശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും നടിക്കെതിരെ വൻ പ്രതിഷേധം ഉയരുകയായിരുന്നു. വിവാദ പരാമർശത്തിന്റെ പേരിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിനു പിന്നാലെ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *