പാലക്കാട്: കേരളത്തിൽ താമര വിരിയിക്കുമെന്ന് വാചകം നാലാൾ കൂടുമ്പോൾ പറയുന്നതല്ലാതെ കൃത്യമായി അതിന് വേണ്ടി പ്രവർത്തിക്കുക എന്നത് പലപ്പോഴും ബിജെപിക്കുള്ളിൽ നടക്കാത്ത കാര്യമാണ്. പലതിരഞ്ഞെടുപ്പുകളും അത് വ്യക്തമാക്കിയതുമാണ്.
തൃശ്ശൂരിൽ സുരേഷ് ഗോപിയ്ക്ക് സീറ്റ് കിട്ടിയത് മാത്രമാണ് ബിജെപി പ്രവർത്തനങ്ങളിൽ പ്രത്യേകമായി എടുത്ത് പറയാനുള്ളത്. ചുരുക്കി പറഞ്ഞാൽ പാർട്ടിക്കുവേണ്ടിയുള്ള അംഗങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ആകമൊത്തം ഒരു ഉറക്കമട്ടിലാണ് എന്നത്.
ഇതിനിടെയാണ് പാർട്ടിയുമായുള്ള സ്വരച്ചേർച്ചയെ തുടർന്ന് ബിജെപി വക്താവായിരുന്ന സന്ദീപ് ജി വാര്യർ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി വിട്ട് പോയിരിക്കുന്നത്. സാധാരണ ഗതിയിൽ കുറച്ചെങ്കിലും പ്രതീക്ഷയുള്ള പാലക്കാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വിരലിലെണ്ണാൻ ദിവസങ്ങൾ ശേഷിക്കവെ നടത്തിയ ഈ പാർട്ടി മാറ്റം ആകെ മൊത്തം പാർട്ടിക്ക് ക്ഷീണമായിരിക്കുകയാണ്.
ഇതോട് കൂടെ പാർട്ടിയിൽ ഉറക്കച്ചടവിലുള്ളവർ കൂടെ സജീവ പ്രവർത്തനത്തിനിറങ്ങേണ്ടുന്ന അവസ്ഥ. ഏറെ കുറേ പ്രവർത്തകർ സജീവമായി തുടങ്ങി എന്ന് തന്നെയാണ് വിവരം. സന്ദീപിൻെറ രാഷ്ട്രീയ മാറ്റം നെഞ്ചിലെ കനലാകുന്നു എങ്കിലും അതൊട്ടും പുറത്ത് കാണിക്കാതെയുള്ള പ്രതികരണങ്ങളാണ് ഇപ്പോൾ ബിജെപി പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
സന്ദീപ് വാര്യർ വിഷയം ഒരു വിഷയമേ അല്ല. ഒരു ഊർജ്ജമാണ് കിട്ടിയിരിക്കുന്നത് സന്ദീപ് വാര്യർ പോയതിലൂടെ. സന്ദീപ് വാര്യർ പോയത് ഗുണമായി. പ്രവർത്തകർക്കിടയിൽ ആവേശം കൂടി, എന്നിങ്ങനെയാണ് ബിജെപി പ്രവർത്തകരുടെ പ്രതികരണം. എന്നാൽ സന്ദീപ് വാര്യർ പോയതോടെ അക്കിടി മനസ്സിലായതോടെയാണ് കൂടുതൽ സജീവമാകാൻ ബിജെപി പ്രവർത്തകർ തീരുമാനമെടുത്തതിന് പിന്നിലെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.