ചുംബനം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അമ്മയും അച്ഛനും തരുന്ന ചുംബനം സഹോദരങ്ങളും സുഹൃത്തുക്കളും പ്രണയിതാക്കളും നൽകുന്ന ചുംബനം അങ്ങനെ ചുംബനങ്ങൾ പല വിധത്തിലാണ് .
ഒരു ചുംബനത്തിലൂടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മാത്രമല്ല ആരോഗ്യപ്രശ്നങ്ങൾ വരെ ഇല്ലാതാക്കാൻ സഹായകരമാണ്. എന്നാൽ ഇത്രയും പോസിറ്റീവ് കാര്യങ്ങൾ നൽകുന്ന ചുബനം ചില പ്രശ്നങ്ങളുണ്ടാക്കിയേക്കുമെന്ന പുതിയ മുന്നറിയിപ്പ് പുറത്തുവരുകയാണ്. ചുംബനത്തിലൂടെയുള്ള പ്രശ്നങ്ങൾ സ്ത്രീകൾക്കാണ് ഉണ്ടാകുന്നത് വില്ലനാകുന്നതാകട്ടെ പുരുഷന്മാരും.
താടിയാണ് പ്രധാന വില്ലൻ
സർവവും മറന്നുളള ചുംബനത്തിനുശേഷം കവിളിലോ, ചുണ്ടുകളിലോ നീറ്റലോ പുകച്ചിലോ ഉണ്ടാകുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കും ആ പ്രശ്നം ബാധിച്ചിട്ടുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ അണുബാധയ്ക്കുവരെ കാരണമാകാം. പുരുഷ പങ്കാളിയുടെ താടിരോമങ്ങൾ സ്ത്രീയുടെ മുഖത്തും ചുണ്ടിലും ഉരസുന്നതുമൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. സെൻസിറ്റീവ് ചർമ്മം ഉള്ളവരിലാണ് ഇത് ഏറെ പ്രശ്നം ഉണ്ടാക്കുന്നത്.
കവിളിൽ ചുവപ്പ്, ചെറിയ ചൊറിച്ചിൽ, വേദന, നേരിയ വീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ താെലി വിണ്ടുകീറിയതുപോലെയോ ചെറിയ മുഴകളോ ഒക്കെ പ്രത്യക്ഷപ്പെട്ടേക്കാം. മുഖക്കുരു, എക്സിമപോലുള്ള ചർമ്മത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾ എന്നിവ ഉള്ളവർക്ക് ഇത് പലപ്പോഴുംകൂടുതൽ പ്രശ്നമാകാറുണ്ട്. ഒട്ടുമിക്കവരിലും വളരെ എളുപ്പത്തിൽ പ്രശ്നങ്ങൾ മാറുമെങ്കിലും ആവർത്തിച്ചുവരുന്നത് അവസ്ഥ കൂടുതൽ ഗുരുതരമാക്കിയേക്കാം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഡൽഹിയിലെ പ്രശസ്ത ത്വക് രോഗ വിദഗ്ദ്ധയായ ഡോക്ടർ വീനു ജിൻഡാൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശ്നം മാറാനുള്ള വഴി
പങ്കാളിയുമായി ഇക്കാര്യം തുറന്നുസംസാരിക്കുകയാണ് ആദ്യം വേണ്ടത്. താടിയിലെ കുറ്റിരോമങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക. ഇതിനൊപ്പം സോഫ്റ്റനിംഗ് ഓയിലുകൾ, ബാമുകൾ അല്ലെങ്കിൽ കണ്ടീഷണറുകൾ എന്നിവ ഉപയോഗിക്കാം.
ചെറിയ പ്രശ്നങ്ങളാണെങ്കിൽ മോയ്സ്ചറൈസർ ഉപയോഗിക്കാം. ഇതിനൊപ്പം ഐസ് പാക്ക് വയ്ക്കുന്നതും നന്നായിരിക്കും. നീറ്റലും ചൊറിച്ചിലും ഉള്ള ഭാഗത്ത് സ്പർശിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുകയും വേണം. പാടുകൾ ഉണ്ടാവുകയാണെങ്കിൽ കറ്റാർവാഴ ജെൽ പ്രയോജനം ചെയ്യും. പ്രശ്നങ്ങൾ വഷളാവുന്നു എന്നുകണ്ടാൽ ഒരു ഡോക്ടറുടെ സേവനം തേടാൻ ഒട്ടും മടിക്കരുത്.