പാലക്കാട്: വോട്ട് തേടിയുള്ള സ്ഥാനാര്‍ത്ഥികളുടെ യാത്ര അവസാനിച്ചു. കലാശക്കൊട്ട് പാലക്കാട് ഓരോ സ്ഥാനാര്‍ത്ഥിയും അതി ഗംഭീരമാക്കിയിരുന്നു. കേരളം ഒറ്റുനോക്കുന്ന ജില്ലയാണ് പാലക്കാട്. വളരെ നാടകീയമായ സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ ജില്ലയുമാണിത്. വിജയം ഉറപ്പിച്ചാണ് മൂന്ന് മുന്നണിയിലെ സ്ഥാനാര്‍ത്ഥികളും കലാശക്കൊട്ട് അവസാനിപ്പിച്ചത്. വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും റോഡ് ഷോ ആരംഭിച്ചത്.
സരിന് വേണ്ടി മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും നീല ട്രോളി ബാഗുമായിട്ടെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി നടന്‍ രമേശ് പിഷാരടി, മുനവ്വറലി തങ്ങള്‍, ഷാഫി പറമ്പിലുള്‍പ്പെടെയുള്ളവരും സി കൃഷ്ണകുമാറിന് വേണ്ടി കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രനുമുള്‍പ്പെടെയുള്ള നേതാക്കളും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.
പാലക്കാട് കോട്ടമൈതാനത്ത് നടന്ന കൊട്ടിക്കലാശത്തില്‍ വലിയ ജനക്കൂട്ടം തന്നെ എത്തിയിരുന്നു. അതേസമയം, സന്ദീപിന്‍രെ വരവ് യുഡിഎഫിന് പാലക്കാടിന് നേട്ടമാകുമെന്ന് യുഡിഎഫും പാലക്കാട് ഞങ്ങള്‍ തന്നെ എടുക്കുമെന്ന് എല്‍ഡിഎഫും സി കൃഷ്ണകുമാര്‍ വലിയ ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കുമെന്ന് ബിജെപിയും തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ്.