നയൻതാര ഇന്ന് നാല്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. പിറന്നാൾ ദിനത്തിൽ നയൻതാര നായികയാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വളരെ വേറിട്ട ലുക്കിലും ഭാവത്തിലുമാണ് നയൻതാരയെ ടീസറിൽ കാണാൻ കഴിയുക.
“ഒരിടത്ത് നീതി ഓർമ മാത്രമായ ഒരു നാടുണ്ടായിരുന്നു. അവിടെ തന്റെ ലോകം മുഴുവൻ സ്വന്തം കുഞ്ഞ് എന്ന് കരുതി ജീവിച്ചിരുന്ന ഒരു അമ്മയുണ്ടായിരുന്നു. പക്ഷെ ഒരു ദിവസം ഒരു രാക്ഷസനായ വില്ലൻ കാരണം തന്റെ കുഞ്ഞിന്റെ ജീവന് ഭീഷണി ഉണ്ടാകുന്നു. എങ്ങനെ ഒരു പ്രശ്നമുണ്ടാകുമ്പോൾ ആ അമ്മ അവിടെ നിന്നും ഓടിപോകുന്നില്ല. അവൾ അതിൽ പതറുന്നതുമില്ല. പക്ഷെ അവൾ തന്റെ കുഞ്ഞിനെതിരെ വരുന്ന രാക്ഷസന്മാർക്കെതിരെ ഒരു യുദ്ധം പ്രഖ്യാപിക്കുന്നു” – എന്നാണ് നയൻതാര ടീസർ പങ്കുവച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
ടീസറിൽ കടും ചുവപ്പ് സാരിയാണ് നയൻതാരയുടെ വേഷം. മുളക് ഉരലിലിട്ട് പൊടിക്കുന്നതും കുഞ്ഞ് കരയുമ്പോൾ പാല് കൊടുക്കുന്ന നയൻതാരയെയാണ് ടീസറിൽ ആദ്യം കാണിക്കുന്നത്. പെട്ടെന്ന് കുറെ ആളുകൾ നയൻതാരയുടെ വീടിന് നേരെ തീപന്തവുമായി പാഞ്ഞടുക്കുന്നു. എന്നാൽ അതിലൊന്നും പതറാതെ ഒരു കൈയില്‍ കത്തിയും മറുകൈയില്‍ വടിയും പിടിച്ച് ശത്രുക്കളെ ഓരോന്നോരോന്നായി നയൻതാര ആക്രമിക്കുന്നു.