KeralaNewsPolitics

പിണറായി മറന്ന കെവി തോമസ്

ഉപതെരഞ്ഞെടുപ്പിൽ അകത്തിരിക്കുന്ന കെവി തോമസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ രാഷ്ട്രീയ സർജ്ജിക്കൽ സ്‌ട്രൈക്കായിരുന്നു പ്രൊഫസർ കെവി തോമസ്. കോൺഗ്രസിന്റെ മുതിർന്ന നേതാവ്, മുൻ കേന്ദ്ര-സംസ്ഥാന മന്ത്രി, മുൻ എംഎൽഎ, സമുദായിക വോട്ട് ബാങ്കിൽ അക്കൗണ്ടുണ്ടയാൾ തുടങ്ങിയവയൊക്കെ ചൂണ്ടിക്കാട്ടിയാണ് കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്തിറക്കി കൂടെക്കൂട്ടിയത്. പിന്നിൽ രണ്ട് ലക്ഷ്യം.

ഒന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കെവി തോമസിനെ ഉപയോഗിച്ച് തോൽപ്പിക്കാം. പിന്നെ സിൽവർ ലൈനിന് പിന്തുണയേറ്റാം. തൃക്കാക്കരയിൽ റെക്കോർഡ് ഭൂരിപക്ഷത്തിന് കോൺഗ്രസ് സ്ഥാനാർത്ഥി ഉമ തോമസ് വിജയിച്ച് കെവി തോമസിന് കോൺഗ്രസിന് പുറത്ത് യാതൊരു പ്രസക്തിയും ഇല്ലെന്ന് ഉറപ്പിച്ചു.

പിന്നെ സിൽവർ ലൈനിന്റെ കാര്യം. ശതകോടികളുടെ സിൽവർ ലൈൻ പദ്ധതിക്ക് ജന പിന്തുണ കിട്ടാൻ കോൺഗ്രസ് നിലപാട് തെറ്റാണെന്ന് സ്ഥാപിക്കാനും ഇതിനുവേണ്ടി കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്താനുമൊക്കെ കെവി തോമസ് മുന്നിലുണ്ടാകുമെന്ന് പിണറായി കണക്ക് കൂട്ടി. പക്ഷേ, ഒന്നുമൊന്നും അതിലേറ്റില്ല എന്നതാണ് അവസ്ഥ.

സിൽവർ ലൈനിലെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ ഇനി അതേക്കുറിച്ച് ആലോചിക്കില്ലെന്ന് കേന്ദ്രവും ഇനിയിപ്പോ കേന്ദ്ര അനുമതി കിട്ടിയാലും കേരളത്തിൽ അത് നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവും ഉറപ്പിച്ച് പറഞ്ഞ് കഴിഞ്ഞു. അപ്പോഴത് നടക്കില്ലെന്ന് തന്നെ കരുതാം. അവിടെയും കെവി തോമസിനെക്കൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടായില്ല.

ലക്ഷങ്ങളുടെ ഓണറേറിയത്തിൽ അദ്ദേഹത്തെ ഡൽഹിയിൽ ഇരുത്തിയിട്ടുണ്ടെങ്കിലും കേരളത്തിലെ ഒരു തെരഞ്ഞെടുപ്പ് വേദിയിൽ പോലും കെവി തോമസിന്റെ പേരുപോലും പിണറായി വിജയനോ തെരഞ്ഞെടുപ്പ് പ്രവർത്തകർക്കോ മിണ്ടാനൊക്കില്ല. അതിന്റെ പേരിൽ വോട്ട് കുറയുമോ എന്നാണ് ഭയം. കെവി തോമസിനും അങ്ങനെ തന്നെ.

തന്റെ സോഷ്യൽ മീഡിയയിലൂടെയൊന്നും ഒരു തെരഞ്ഞെടുപ്പ് കാര്യവും പങ്കുവെക്കാതെയാണ് കെവി തോമസിന്റെ ഇരുത്തം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കാലശക്കൊട്ടായി. എന്നിട്ടും അനക്കമില്ലാതിരിക്കുകയാണ് കെവി തോമസ്. ഇനി സരിന്റെ അവസ്ഥ എന്നത് കണ്ടറിയണം.

Leave a Reply

Your email address will not be published. Required fields are marked *