Kerala Government News

KASന് മികവില്ലേ? ഫയലുകളിൽ പരിചയക്കുറവ് വെല്ലുവിളി

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎഎസ് ഉദ്യോഗസ്ഥരുടെ മികവ് തെളിയിക്കപ്പെടുന്നില്ലെന്ന് വിമർശനം. ഒന്നര വർഷത്തിലേറെ മികച്ച പരിശീലനം നൽകി വിവിധ വകുപ്പുകളിൽ സർക്കാർ നിയമിച്ച കെ എ എസ് ഉദ്യോഗസ്ഥർക്ക് മികവ് തെളിയിക്കാൻ സാധിക്കാത്തത് സർക്കാരിന് തലവേദനയാകുകയാണ്.

രണ്ടാം ഗസറ്റെഡ് തസ്തികയിൽ നേരിട്ട് നിയമനം നേടിയ ഇവർക്ക് സ്വന്തമായ തീരുമാനം എടുത്ത് നടപ്പിൽ വരുത്താൻ ഉള്ള കാര്യക്ഷമത ഇല്ല എന്നതാണ് സർക്കാർ വിലയിരുത്തൽ. മികച്ച പരിശീലനം ലഭിച്ചെങ്കിലും സർവീസിലെ പരിചയക്കുറവ് ആണ് വിനയായത്. കെഎസ്ആർടിസിയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തിക നിർത്തലാക്കി പകരം 4 കെഎഎസ് ഉദ്യോഗസ്ഥരെ സർക്കാർ നിയമിച്ചെങ്കിലും മോശം പ്രകടനം കാരണം ഉദ്യോഗസ്ഥരെ തിരിച്ചയച്ചിരിക്കുകയാണ് കെഎസ്ആർടിസി.

ഫയലിനു ഗതിവേഗം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിൽ ആണ് സർക്കാർ കെഎഎസ് നടപ്പിലാക്കിയത് എങ്കിലും നിലവിൽ ഫയൽ വെച്ച് താമസിപ്പിക്കാൻ ഉള്ള ഒരു തട്ട് കൂടി രൂപാന്തരപ്പെട്ടു എന്നാണ് പൊതുവെ ഉള്ള വിമർശനം. സർക്കാരിന്റെ നയവുമായി ബന്ധപ്പെട്ട ഒരു പ്രധാന ഫയൽ കഴിഞ്ഞ കുറേ ആഴ്ചകൾ ആയി ധനവകുപ്പിലെ കെഎഎസ് ഉദ്യോഗസ്ഥന്റെ കയ്യിൽ ‘പരിശോധനയിൽ’ ആണ്.

കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ നാല് കോർപറേഷനുകളായി വിഭജിച്ച് നാല് പേർക്കായി ചുമതല നൽകുകയായിരുന്നു സർക്കാർ ചെയ്തത്. എന്നാൽ, പരിശീലന കാലയളവ് കഴിഞ്ഞും പ്രവർത്തന മികവ് പുലർത്താനായില്ലെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് പറയുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിലായ കെഎസ്ആർടിസിയിൽ ഇനിയൊന്നും ചെയ്യാനില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. നാല് എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തിക നിർത്തലാക്കിയാണ് കെഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചത്

Leave a Reply

Your email address will not be published. Required fields are marked *