രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ ചിത്രം തിയറ്ററിലെത്തിയിരിക്കുകയാണ്. വലിയ ഹൈപ്പിൽ എത്തിയ “കങ്കുവ” ആരാധകരെ നിരാശരാക്കിയെങ്കിലും കളക്ഷനിൽ മുന്നേറുകയാണെന്നാണ് റിപ്പോർട്ട്. മൂന്ന് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. 127 കോടി 64 ലക്ഷമാണ് ചിത്രമാണ് ലഭിച്ചിരിക്കുന്ന ആഗോള കളക്ഷൻ.
എന്തായാലും ഇതിലൂടെ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന ആഗോള ഗ്രോസർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 58 കോടിക്ക് മുകളിലായിരുന്നു ചിത്രം ആദ്യ ദിനത്തിൽ മാത്രം കളക്ട് ചെയ്തത്. കൂടാതെ, ഏറ്റവും വേഗത്തിൽ നൂറു കോടി ക്ലബിലെത്തുന്ന സൂര്യ ചിത്രമായും കങ്കുവ മാറി. 350 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. 2 വ്യത്യസ്ത കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായിക. ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.