പാലക്കാട് : ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പാലക്കാട് ഉയർന്ന് വന്ന വ്യാജവോട്ട് വിവാദത്തിൽ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമക്കേട് തടയാനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക ASD പട്ടിക തയ്യാറാക്കി. പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറും.
ഇത്തവണത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സജീവ ചർച്ചയായിരുന്നു വ്യാജവോട്ട്, ഇരട്ടവോട്ട്, വോട്ടുവെട്ടൽ വിവാദം. മുന്നണികൾ പരസ്പരം ആരോപണം ഉന്നയിച്ചതോടെയാണ് വിവാദം കൊഴുത്തത്. സി.പി.എം. ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവാണ് വ്യാജവോട്ട് ആരോപണങ്ങൾക്ക് തുടക്കമിട്ടത്.
കണ്ണാടി പഞ്ചായത്തിൽ ഒരു ബൂത്തിൽ 37 വ്യാജ വോട്ടുകളുണ്ടെന്നായിരുന്നു ആരോപണം. മലമ്പുഴ മണ്ഡലത്തിലെ ഒരാൾക്ക് കണ്ണാടിയിൽ വോട്ടുണ്ടെന്നും സീരിയൽ നമ്പർ സഹിതം സി.പി.എം. സെക്രട്ടറി ഉന്നയിച്ചു. ഇതേക്കുറിച്ച് തിരഞ്ഞെടുപ്പു കമ്മിഷന് പരാതിയും നൽകി.
വ്യാഴാഴ്ച വീണ്ടും ആരോപണവുമായി അദ്ദേഹം മാധ്യമങ്ങളെ കണ്ടു. 2700 വ്യാജവോട്ടുകൾ മണ്ഡലത്തിലാകെ ചേർത്തിട്ടുണ്ടെന്നും ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ബി.ജെ.പി. ജില്ലാ അധ്യക്ഷൻ കെ.എം. ഹരിദാസിന് പട്ടാമ്പിയിലും പാലക്കാട്ടുമായി ഇരട്ടവോട്ടുണ്ടെന്നും സുരേഷ് ബാബു ആരോപിച്ചു.
ഇതിന് പിന്നാലെ തള്ളുകയാണെങ്കിൽ ഇടതുസ്ഥാനാർഥിയുടെ വോട്ടാണ് ആദ്യം തള്ളേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. ആറു മാസമെങ്കിലും മണ്ഡലത്തിൽ താമസിച്ചാലേ വോട്ടവകാശമുണ്ടാകൂ. സരിന്റെയും ഭാര്യയുടെയും വോട്ട് അവസാനത്തേതായാണ് ഒരു ബൂത്തിൽ ചേർത്തിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഇതേ ആരോപണം വി.കെ. ശ്രീകണ്ഠൻ എം.പി.യും ആവർത്തിച്ചു. വ്യാജവോട്ട് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നു സരിൻ പറഞ്ഞു. തന്റെ വോട്ടിന് പ്രതിപക്ഷനേതാവിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സരിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേ സമയം കുറേക്കാലമായി പാലക്കാട്ട് ബി.ജെ.പി. ജില്ലാകമ്മിറ്റി ഓഫീസിലാണ് താമസിക്കുന്നതെന്നും അതിനാലാണ് വോട്ട് ഇവിടേക്കു മാറ്റിയതെന്നും ബി.ജെ.പി. ജില്ലാ അധ്യക്ഷൻ കെ.എം. ഹരിദാസ് പ്രതികരിച്ചു. പല പാർട്ടികളുടെയും ഓഫീസിൽ പല നേതാക്കളും താമസിക്കുന്നുണ്ടെന്നും അവർക്കൊന്നും പാലക്കാട്ട് വോട്ടു ചെയ്യാൻ പാടില്ലെങ്കിൽ എല്ലാ നേതാക്കളുടെയും വോട്ട് തള്ളണമെന്നും ഹരിദാസ് പറഞ്ഞു. ഇതിനിടെ, തങ്ങൾ ചേർത്ത 17 വോട്ടുകൾ വെട്ടിയെന്നു കാട്ടി ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി.
ഒടുക്കം കൊട്ടിക്കാലാശ ദിവസം തന്നെ നടപടിയുണ്ടായിരിക്കുകയാണ്. ക്രമക്കേട് തടയാനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക ASD പട്ടിക തയ്യാറാക്കി കഴിഞ്ഞു എന്നാണ് വിവരം.