
തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ് 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമപുരി ജില്ലയിൽ നിന്ന് മത്സരിക്കും. ടിവികെ ജില്ലാ പ്രസിഡന്റ് താപ്പ ശിവയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജില്ലാ ഭാരവാഹികളുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് താപ്പ ശിവ ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി വിജയ് അറിയിച്ചിട്ടില്ല.
ഡിഎംകെയ്ക്ക് എംഎൽഎ ഇല്ലാത്ത ജില്ലയാണ് ധർമപുരി. ഒരു സംവരണ മണ്ഡലം ഉൾപ്പടെ 5 മണ്ഡലങ്ങൾ ആണ് ധർമപുരിയിൽ ഉള്ളത്. അതേസമയം, 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലായിരുന്നു താരം പ്രഖ്യാപിച്ചത്. സമൂഹ നീതി, സമത്വം, മതേതരത്വം എന്നതാണ് ടിവികെയുടെ പാർട്ടി നയം.
“2026 ഒരു പുതിയ രാഷ്ട്രീയത്തിന്റെ പുതിയ വർഷമാണ്. 2026 ൽ തിരരഞ്ഞെടുപ്പ് കമ്മീഷൻ അങ്കത്തിനായി ഒരു തീയതി കുറിക്കും അന്ന് തമിഴ്ജനത ഒന്നായി ടിവികെ ചിഹ്നത്തിൽ വോട്ട് ചെയ്യും. വിഭജന ശക്തികളും അഴിമതിക്ക് കൂടെ നിൽക്കുന്നവരും ഒരുപോലെ എതിരാളികളാണ്” – വിജയ് പറഞ്ഞു. വിഴുപ്പുറം വിക്രവാണ്ടിയിലെ കൂറ്റൻവേദിയിൽ പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് രാഷ്ട്രീയത്തിലേക്ക് വിജയ് മാസ് എൻട്രി നടത്തിയത്.