കൊല്ലാൻ പോലും മടിക്കാത്തവർ ! ആരാണ് കുറുവ സംഘം ?

കയ്യിൽ മാരകായുധങ്ങളുമായി അവരെത്തും. താരതമ്യേന ഉറപ്പ് കുറഞ്ഞ അടുക്കള വാതിലുകൾ തകർത്തായിരിക്കും വീടിന്റെ അകത്ത് പ്രവേശിക്കുക. സ്‌ത്രീകളും കുട്ടികളും പ്രായമായവരും താമസിക്കുന്ന വീടുകൾ കേന്ദ്രികരിച്ചാണ് പ്രധാനമായും മോഷണം. എതിർത്താൽ ജീവനെടുക്കും, അതെ…മലയാളികളുടെ പേടിസ്വപ്നമായി മാറുകയാണ് കുറവ സംഘം.

കേരളത്തിലെ പല ജില്ലകളിലും ഇവരുടെ സ്വാധീനം ഉറപ്പായതോടെ മലയാളികളുടെ പേടിസ്വപ്നമായി കുറുവാസംഘം മാറുകയാണ്. കുറുവ സംഘത്തിലെ മോഷ്ടാക്കൾക്ക്‌ കേരളത്തിലെ പല ഗ്രാമങ്ങളിലും സ്ഥിരം ഇടത്താവളങ്ങളും സഹായികളും ഉണ്ടെന്നാണ് ഇന്റിൽജെൻസ് റിപ്പോർട്ട്. ആയുധധാരികളായ സംഘം എന്നാണ് കുറുവ സംഘം എന്ന വാക്കിന്‍റെ അർഥം. തമിഴ്നാട് ഇന്‍റലിജൻസാണ് ഇവർക്ക് ഈ പേര് നൽകിയത്.

തിരുട്ടുഗ്രാമം എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത ഒരു ഗ്രാമത്തിലെ ആളുകളെയാണ് കുറുവ സംഘം എന്ന് വിശേഷിപ്പിച്ചിരുന്നത്. നിലവിലെ കുറുവ സംഘത്തിൽ ഉള്ളവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നല്ല. ഒന്നോ രണ്ടോ മോഷ്ടാക്കളല്ല, മറിച്ച് വലിയൊരു സംഘം മോഷ്ടാക്കളുടെ കൂട്ടമാണിത്. കുറഞ്ഞത് മൂന്നുപേരായിരിക്കും ഒരു സ്ഥലത്തേക്ക് മോഷ്ടിക്കാൻ പോകുന്നത്.

മോഷണത്തെ തൊഴിലായി കാണുന്ന ജനങ്ങളാണെന്നതിനാൽ യാതൊരു കുറ്റബോധവും ഇവർക്ക് ഉണ്ടാകില്ല. പാരമ്പര്യമായി കൈമാറി കിട്ടിയ മോഷണതന്ത്രങ്ങളും സാങ്കേതിക വിദ്യയുടെ ഉപയോഗവുമെല്ലാം കൂടിച്ചേർന്നാണ് ഇവർ ഓരോ പ്രദേശങ്ങളിലേക്കെത്തുന്നത്. ആക്രി പെറുക്കിയും തുണിയും പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉള്‍പ്പെടെയുള്ള സാധനങ്ങൾ കച്ചവടം ചെയ്യാനെന്ന വ്യാജേനയും പകൽ ചുറ്റികറങ്ങി നടക്കുന്ന ഈ സംഘം പുരുഷൻമാരില്ലാത്ത വീടുകളാണ് മോഷണത്തിനായി തെരഞ്ഞെടുക്കുന്നത്.

ആയുധങ്ങളുമായി എത്തുന്ന സംഘം അർധനഗ്നരാകും. ദേഹമാകെ എണ്ണയും കരിയും തേക്കും. ആയുധംകാട്ടി സ്വർണവും പണവും കവരുന്നതാണ് പ്രധാന രീതി. സ്‌ത്രീകളുടെ ശരീരത്തിലെ ആഭരണങ്ങൾ മുറിച്ചെടുക്കുവാൻ പ്രത്യേക കത്രികകളും ഇവരുടെ കൈവശമുണ്ടാകും. കമ്പും വടിയും വാളുമെല്ലാം കയ്യിൽ കരുതും. പിടിക്കപ്പെടുമെന്നുറപ്പായാൽ ആക്രമണം ആരംഭിക്കുന്ന ഇവർ ഒന്നിനും മടിക്കില്ല.

അടുക്കള ഭാഗത്ത് വാതിൽ തകർത്ത് അകത്ത് കയറുന്നതാണ് ഇവരുടെ രീതി. വെറും മോഷ്ടാക്കളല്ല, അക്രമകാരികളായ മോഷ്ടാക്കളാണ് കുറുവ സംഘം. മുഖം മറച്ച്, ഷർട്ടും ലുങ്കിയും അരയിൽ തിരുകി നിക്കർ ധരിക്കും. കുട്ടികളുടെ കരയുന്നതുപോലെ ശബ്ദം ഉണ്ടാക്കിയും ടാപ്പ് തുറന്നുവിട്ടും വീട്ടുകാരെ പുറത്തേക്കിറക്കുകയും, അവരെ ആക്രമിച്ച് വീടിനകത്തേക്ക് കയറി മോഷണം നടത്തുകയും ചെയ്യുന്നതും ഇവരുടെ രീതിയാണ്.

18 വയസുമുതൽ 60 വയസുവരെ ഉള്ളവർ സംഘത്തിലുണ്ടാകും. ഇവരെ മോഷണത്തിൽ നിന്നും പിൻമാറ്റാൻ തമിഴ്‌നാട് സർക്കാർ പല ഓഫറുകളും നൽകിയെങ്കിലും ഫലമുണ്ടായില്ല . പരമ്പരാഗതമായി കിട്ടിയ മോഷണ കലയിൽ നിന്നും പിൻമാറാൻ അവർ തയ്യാറല്ലായിരുന്നു. റാംജി നഗറിന് പിന്നാലെ ശിവഗംഗ, പനവടലി ഛത്രം, മധുരക്കടുത്ത ചില ഗ്രാമങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരുട്ടുഗ്രാമം വളർന്നു .ഒടുവിൽ നാണക്കേട് ഭയന്ന് പനവടലി ചത്രത്തിലെ പുതുതലമുറ ഇനി മോഷണം നടത്തില്ലെന്ന് പരസ്യമായി പ്രതിജ്ഞ ചെയ്‌തു. പക്ഷെ തിരുട്ടുഗ്രാമങ്ങൾക്ക് തമിഴ്‌നാട്ടിൽ പിന്നീടും തുടർച്ചകൾ ഉണ്ടായത് ചരിത്രം. കേരള തമിഴ്‌നാട് അതിർത്തിയും കമ്പം, കോയമ്പത്തൂർ, മധുര, തഞ്ചാവൂർ എന്നിവിടങ്ങളിലെല്ലാം ഇവരുടെ താവളങ്ങൾ ഉണ്ടത്രേ.

കുറുവ സംഘങ്ങളുടെ ഇഷ്ടകേന്ദ്രമാണ് കേരളം. മലയാളികളുടെ സ്വർണത്തോടുള്ള അഭിനിവേശമാണ് ഇതിന് കാരണം. നന്നായി മലയാളം സംസാരിക്കാൻ അറിയുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. മോഷണം നടത്തേണ്ട വീടുകൾ മാസങ്ങൾക്ക് മുൻപ് നിരീക്ഷിക്കും. മോഷണം ആസൂത്രണം ചെയ്‌താലുടൻ ദൂരെ സ്ഥലത്തേക്ക് താമസം മാറ്റും. പാലക്കാടും കോഴിക്കോടും ആലപ്പുഴയിലും എറണാകുളത്തുമെല്ലാം ഇവർ മോഷണം നടത്തിയതിന്റെ തെളിവുകൾ പൊലീസ് പുറത്തുവിട്ടിരുന്നു.

തിരുവനന്തപുരത്ത് നടന്ന ഒരു മോഷണക്കേസിലെ പ്രതികളെ തേടി തിരിട്ടുഗ്രാമത്തിൽ എത്തിയ കേരളാ പോലീസിലെ വരവേറ്റത് ആഡംബരം നിറഞ്ഞ മണിമാളികകൾ ആയിരുന്നു. വില കൂടിയ ടി വി, ഫർണീച്ചർ, എ സി,ഫ്രിഡ്ജ് , വാഷിങ് മെഷ്യൻ എന്നിവ എല്ലാ വീട്ടിലുമുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് മോഷ്ടിക്കുന്ന കൊള്ളമുതൽ ഇവർ തുല്യമായി വീതിക്കുമത്രേ. മോഷ്ട്ടാക്കളുടെ മക്കൾ പഠിക്കുന്നത് വലിയ സ്ഥാപനങ്ങളിലും. മോഷണ മുതലിന്റെ ഒരു ഭാഗം അമ്പലത്തിൽ വഴിപാടിനായും ഇവർ ചിലവഴിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments