News

സന്ദീപ് വാര്യര്‍ പാണക്കാട്ടെത്തി; ‘മുസ്ലീം ലീഗ് മതസാഹോദര്യം ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടി’

മലപ്പുറം: കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യര്‍ പാണക്കാട് കുടപ്പനക്കല്‍ തറവാട്ടിലെത്തി സാദിഖലി തങ്ങളെയും മറ്റ് മുസ്ലിം ലീഗ് സമുന്നത നേതാക്കളെയും കണ്ടു. കെപിസിസിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് സന്ദര്‍ശനം. മുസ്ലീം ലീഗ് നേതാക്കള്‍ ഊഷ്മളമായ സ്വീകരണമാണ് സന്ദീപിന് നല്‍കിയത്.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തി. പാലക്കാട്ടുനിന്ന് പാണക്കാട്ടേക്ക് തിരിച്ച സന്ദീപിനൊപ്പം ലീഗ് എംഎല്‍എമാരായ എം. ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരും ഉണ്ടായിരുന്നു. മുസ്ലിംലീഗ് രാജ്യസഭ എംപി ഹാരിസ് ബീരാനും പാണക്കാട്ടുണ്ടായിരുന്നു.

യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവറലി തങ്ങളെയും സന്ദീപ് വാര്യര്‍ കണ്ടു. ഇന്നലെയാണ് സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും വക്താവുമായിരുന്ന സന്ദീപ് വാര്യര്‍ പാര്‍ട്ടിയുമായി അസ്വാരസ്യത്തിലായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പോടെ സന്ദീപും നേതൃത്വവുമായുള്ള തര്‍ക്കം മൂര്‍ധന്യത്തിലെത്തി. സിപിഎമ്മിലേക്ക് എത്തിയേക്കും എന്ന സൂചനകള്‍ക്കിടെയാണ് സന്ദീപിന്റെ അപ്രതീക്ഷിതമായ കോണ്‍ഗ്രസ് പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *