മണിപ്പൂര്‍; മണിപ്പൂരില്‍ നടക്കുന്ന ആക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ബിജെപിക്കുള്ള പിന്തുണ പിന്‍വലിക്കും. ഇത് കനത്ത അടിയാണ് ബിജെപിക്ക് ഏല്‍പ്പിച്ചിരിക്കുന്നത്. എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ അഭിസംബോധന ചെയ്ത ഔദ്യോഗിക കത്തില്‍ എന്‍പിപി മേധാവി കോണ്‍റാഡ് സാങ്മ ‘പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടുവെന്നും അത് വളരെ മോശമാണെന്നും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പ്രതിസന്ധി പരിഹരിക്കുന്നതിലും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിലും ശ്രീ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ഞങ്ങള്‍ക്ക് ശക്തമായി തോന്നുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, മണിപ്പൂരിലെ എന്‍പിപിയുടെ പിന്തുണ പിന്‍വലിക്കാന്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു വെന്നാണ് കത്ത്.
നിരപരാധികളുടെ ജീവനും സാധാരണക്കാരുടെ ക്രമസാമാധാനത്തിനും നിങ്ങള്‍ ഉത്തരവാദികളാണെന്നും കത്തില്‍ പറഞ്ഞിരിക്കുന്നു. 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ എന്‍പിപിക്ക് മാത്രം 7 എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് സ്വന്തമായി 37 സീറ്റുണ്ട്, കൂടാതെ നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ (എന്‍പിഎഫ്) അഞ്ച് എംഎല്‍എമാരുടെയും ഒരു ജെഡിയു നിയമസഭാംഗത്തി ന്റെയും മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയും ബിജെപിക്കുണ്ട്. ഏഴ് എംഎല്‍എമാര്‍ പോയാല്‍ അത് സര്‍ക്കാരിന്റെ തകര്‍ച്ച തന്നെയാണ് കാണിക്കുന്നത്.